ബെന്‍സും പ്യൂഷെയുമടക്കം അറുപതോളം വാഹനങ്ങള്‍; കോടികളുടെ സ്വത്ത് വകകള്‍; പക്ഷേ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കുബേരനായിരുന്ന മണിച്ചന് കുചേലനായി മാറി

by Reporter

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പലയിടങ്ങളിലായി അഞ്ചേക്കറോളം വസ്തു വകകള്‍ . പുളിമൂട് ജംഗ്ഷന് അടുത്ത് എല്ലാ വിധ ആഡംബരങ്ങളോടും കൂടിയ വീട്. ബെന്‍സും പ്യൂഷെയും ഉള്‍പ്പടെ അറുപതോളം വാഹനങ്ങള്‍,  കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകള്‍, കല്ലുവാതുക്കല്‍ മദ്യ ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് നാട്ടിലെ പ്രമാണിയും കേരളത്തിലെ അറിയപ്പെടുന്ന മദ്യ വ്യവസായിയും ആയിരുന്നു മണിച്ചന്‍. പക്ഷേ ഒരു രാത്രി ഇരുട്ടി വെളുത്തതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. കല്ലുവാതില്‍ക്കല്‍ മദ്യ ദുരന്തത്തിലെ 7 ആം പ്രതി ആയി മണിച്ചന്‍ മാറി. 33 പേരുടെ മരണത്തിന് ഇരയാക്കിയ മദ്യ ദുരന്തവുമായി ബന്ധപ്പെട്ടു മണിച്ചന്‍ ജയിലില്‍ കിടന്നത് നീണ്ട 22 വര്ഷത്തോളമാണ്. ഇപ്പോള്‍  മണിച്ചന്‍ ഉള്‍പ്പടെയുള്ള 33 തടവുകാരുടെ മോചനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ ഈ കേസ്സില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ പിഴ ആയി 30.45 ലക്ഷം രൂപ സര്‍ക്കാരിന് കെട്ടിവയ്ക്കാനുണ്ട്. അതു നല്‍കിയാലേ പുറത്തിറങ്ങാനാകൂ. പക്ഷേ ഇന്ന് അത്രയും തുക മണിച്ചന് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല.

തന്‍റെ പ്രതാപ കാലത്ത് ബെന്‍സിലായിരുന്നു മണിച്ചന് യാത്ര ചെയ്തിരുന്നത് . മാനേജര്‍ക്ക് സഞ്ചരിക്കാന്‍ നല്കിയിരുന്നത് പ്യൂഷെ കാര്‍. മാരുതി ഡീസല്‍ സെന്‍ നാലെണ്ണം. സ്പിരിറ്റ് വാഹനത്തിന് എസ്കോര്‍ട്ട് പോയി എന്ന കേസുമായി ബന്ധപ്പെട്ട് സെയില്‍സ് ടാക്സ് പിടികൂടിയ ഈ വാഹനങ്ങളൊന്നും തന്നെ പിന്നീട് മണിച്ചനു കിട്ടിയില്ല. അതെല്ലാം ​ ലേലത്തില്‍ പോയി. ഷാപ്പുകളുടെ മാത്രം ആവശ്യത്തിനായി അമ്ബതോളം വാഹനങ്ങള്‍ വെറെയും ഉണ്ടായിരുന്നു. സ്പിരിറ്റ് വില്പന നടത്തി നേടിയ സമ്ബാദ്യത്തിന് 25 കോടി രൂപ ആയിരുന്നു നികുതി ആയി കണക്കാക്കിയത്. ഇത് ഈടാക്കുന്നതിന് ആ വാഹനമെല്ലാം കണ്ടു കെട്ടി, ലേലം ചെയ്തു.

ചിറയിന്‍കീഴ് റെയ്ഞ്ചില്‍ ഒന്നു മുതല്‍ 26 വരെ നമ്ബരുകളിലുള്ള ഷാപ്പുകളാണ് മണിച്ചന്‍ നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ലൈസന്‍സ്. എന്നാല്‍  അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കള്‍ എല്ലാം കണ്ടുകെട്ടി. ഇന്ന് ഉഷയുടെ പേരില്‍ ഒരു തരി മണ്ണ് പോലും ഇല്ല.
പുളിമൂട്ടിലെ വീടും മറ്റും സര്‍ക്കാരിന്റെ കൈവശമാണ് ഇപ്പോള്‍ ഉള്ളത് . 22 വര്‍ഷത്തോളമായി തുടരുന്ന തടവില്‍ നിന്നും ഉള്ള മണിച്ചന്റെ മോചനമാണ് കുടുംബത്തിന്‍റെ ഏക സ്വപ്നം. പക്ഷേ 30.45 ലക്ഷം ഇന്ന് മണിച്ചന്‍ കൂട്ടിയാല്‍ കൂടില്ല.

Leave a Comment