ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ കയറാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോളജില്‍ നിന്നും ടിസി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍; വീണ്ടും ഹിജാബ് വിവാദം

by Reporter

ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ കയറാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോളജില്‍ നിന്നും ടിസി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍. കര്‍ണാകടയിലെ മംഗളൂരു ഹമ്ബനകട്ട യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിക്കാന്‍ അനുവാദിക്കാത്തതില്‍ പ്രതിഷേധിച്ച് കോളജില്‍നിന്ന് മാറണമെന്ന് കാണിച്ച് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരിക്കുന്നത്.


ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം തരണമെന്ന് കാണിച്ച് ഇവര്‍ കോളജ് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെ അപേക്ഷ കോളേജ് അധികൃതര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് കോളജിലെ പഠനം അവസാനിപ്പിക്കാന്‍ ഈ കുട്ടികള്‍ തീരുമാനിക്കുന്നത്. വിദ്യാര്‍ഥിനികള്‍ ടി.സി വേണമെന്ന് അറിയിച്ച വിവരം പ്രിന്‍സിപ്പല്‍ അനുസുയ റായ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥിരീകരിച്ചു. നിലവില്‍ പരീക്ഷയുടെ  മൂല്യ നിര്‍ണയം നടന്നു വരുന്നതിനാല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ മുഖാന്തിരം നടന്നു വരുന്നുണ്ട് . ചില  മുസ്‍ലിം വിദ്യാര്‍ഥിനികളൊഴിച്ച് മറ്റ് 44 വിദ്യാര്‍ഥിനികളും ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ടാംവര്‍ഷ പി.യു.സി ഫലം പുറത്തു വന്നത്. യു.ജി കോഴ്സുകള്‍ അടുത്ത ആഴ്ച ആരംഭിക്കും.  ഹിജാബ് അഴിക്കാത്ത മുസ്‍ലിം വിദ്യാര്‍ഥിനികള്‍ക്ക് മറ്റ് കോളജുകളില്‍ പഠിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കുമെന്ന് മംഗളൂരു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പി.എസ്. യാദപാദിത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.

മംഗളൂരു യൂണിവേഴ്സിറ്റി കോളജുകളില്‍ ഹിജാബ് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മേയ് 26ന് ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. കര്‍ണാടകയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിനെതിരെ ഇപ്പൊഴും പ്രതിഷേധം നടന്നു വരുന്നുണ്ട്. ഹലിയഗഡി കോളജിലെ 19 വിദ്യാര്‍ഥിനികള്‍ നിലവില്‍ ക്ലാസ് ബഹിഷ്കരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഈ കുട്ടികള്‍ ക്ലാസില്‍ കയറുന്നില്ല. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ 19 പേരാണ് ക്ലാസ് ബഹിഷ്കരിക്കുന്നത്. ശിരോവസ്ത്രം അഴിക്കാന്‍  തയാറല്ലന്നു ഇവര്‍ തീര്‍ത്തു പറഞ്ഞു. ഇവരുടെ രക്ഷകര്‍ത്താക്കളുമായി സ്കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Leave a Comment