ദ്രൗപതി മുര്‍മുവിനെ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ തിരഞ്ഞെടുത്തു. യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. ദ്രൗപതി മുര്‍മു തന്നെ ആയിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെന്ന് ഏറെക്കുറെ ഉറപ്പായി.

ഒഡീഷ സ്വദേശിനിയായ ദ്രൗപതി മുര്‍മു 1958 ജൂണ്‍ 20ന് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി എന്ന ഒരു ഗ്രാമത്തിലാണ് ജനിച്ചത്. 2000 മുതല്‍ 2004വരെ ഇവര്‍ ഒഡീഷയിലെ റയ്റങ്ക്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ആയിരുന്നു. പിന്നീട് 2000 മാര്‍ച്ച് മുതല്‍ 2002 ഓഗസ്റ്റ് വരെ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്നു. കൂടാതെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായും ഇവര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൗണ്‍സിലറായിട്ടാണ് ദ്രൗപതി മുര്‍മു തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. റൈരംഗ്പുര്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ വൈസ് ചെയര്‍പേഴ്സണായി മാറിയ ഇവര്‍ 2013ല്‍ എസ്ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി. മയൂര്‍ഭഞ്ജ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു.

സുദീര്‍ഘമായ രണ്ട് പതിറ്റാണ്ട് കാലത്തെ സാമൂഹിക സേവന പാരമ്പര്യം ഇവര്‍ക്കുണ്ട്. ഒഡീഷയിലെ മികച്ച നിയമസഭാംഗത്തിനുള്ള നീല്‍കണ്ഠ് പുരസ്കാരം നേടിയിട്ടുണ്ട്. ജാര്‍ഖണ്ഡ് രൂപീകരിച്ചപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറും ദ്രൗപദി തന്നെയാണ്. മാത്രവുമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യത്തെ ഗോത്രവിഭാഗം വനിതയും ദ്രൗപദിയാണ്. ശ്യാം ചരണ്‍ മുര്‍മുവിനെയാണ് ദ്രൗപതി മുര്‍മു വിവാഹം കഴിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെയും രണ്ട് ആണ്മക്കളുടെയും അപ്രതീക്ഷിത വിയോഗം തളര്‍ത്തിയെങ്കിലും പ്രതിസന്ധികളോട് പടവെട്ടാനായിരുന്നു ദ്രൗപതിയുടെ തീരുമാനിച്ചത്. ആ മനക്കരുത്താണ് അവരെ രാഷ്ട്രപതി സ്ഥാനാര്ത്ഥിയാകുന്നതിലേക്ക് കൊണ്ടെത്തിച്ചത്.