കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച ബാബുവിന്റെ മൃതദേഹം യൂസഫ് അലി ഇടപെട്ട് സൌദിയില്‍ നിന്നും നാട്ടിലെത്തിച്ചു

by Reporter

സൗദിയില്‍ ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണു മരണപ്പെട്ട ബാബുവിന്‍റെ മൃതദേഹം ഒടുവില്‍ ജന്മനാട്ടില്‍ എത്തിച്ചു സംസ്കരിച്ചു. പിതാവിനെ കാണാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനുമുള്ള മകന്‍ എബിന്റെ ആഗ്രഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നേരിട്ടു ഇടപെട്ടതിനെ തുടര്‍ന്നു യാഥാര്‍ഥ്യമായി.

സൗദിയിലെ കമീസ് മുഷൈത്തില്‍ വച്ച്‌ മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ചു. ചെക്കക്കോണം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയിലെ സെമിത്തേരിയില്‍ മൃത ദേഹം സംസ്കരിച്ചു. സൗദിയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞയാഴ്ച നടന്ന ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ എത്തി എബിന്‍ യുസഫലിയെ കണ്ടിരുന്നു. എബിന്റെയും കുടുംബത്തിന്റെയും വിഷമം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച്‌ തന്നെ അധികൃതരുമായി സംസാരിച്ചു മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാമെന്ന ഉറപ്പ് നല്കി.

സ്പോണ്‍സറും മതിയായ രേഖകളും ഇല്ലാതെയാണ് ബാബു സൗദിയില്‍ ജോലി ചെയ്തു വന്നിരുന്നത്. ഇതായിരുന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട്. ഇതിന്‍റെ പിഴ യൂസഫ് അലിയുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി കൊടുത്തു. മാത്രവുമല്ല ബാബുവിന്റെ ആദ്യ സ്പോണ്‍സറില്‍ നിന്നും നിരാക്ഷേപ പത്രം സ്വീകരിച്ച്  അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്നു മൃതദേഹം നാട്ടിലെത്തികുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഫൈനല്‍ എക്സിറ്റ് കിട്ടിയതിന് ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ  മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ തന്നെ റിയാദില്‍ നിന്ന് കൊച്ചിയിലും, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തും എത്തിച്ചു. ഇതിനാവശ്യമായ എല്ലാ ചിലവുകളും യൂസഫലി വഹിച്ചു. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്‌ റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍ സുരേന്ദ്രന്‍, പിആര്‍ഒ സൂരജ് അനന്തകൃഷ്ണന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.

Leave a Comment