ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ പ്രതി വീടിനുള്ളില്‍ കയറി ആത്മഹത്യ ചെയ്തു. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് വീടിനുള്ളില്‍ കയറിയ വ്യക്തിയാണ് പുറത്ത് പൊലീസ് നില്ക്കവേ ആത്മഹത്യ ചെയ്തത്. പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരി 45 കാരനാണ് മരിച്ചത്. വീടിനുള്ളില്‍ കയറിയ ശ്രീഹരിയെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ശ്രീഹരിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പൊലീസിന്റെ പീഡനം ഭയന്നാണ് ശ്രീഹരി ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് പോലീസ്. പ്രവാസി ആയിരുന്ന ശ്രീഹരി പനവേലി ജംക്ഷനോട് ചേര്‍ന്ന് സ്റ്റേഷനറിക്കട നടത്തുക ആയിരുന്നു. തന്നെ മര്‍ദിച്ചെന്ന ഭാര്യ അസാലയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നു ശ്രീഹരിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ 2 ദിവസത്തോളമായി ശ്രീഹരിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്കൂട്ടറില്‍ പോകുന്ന ശ്രീഹരിയെ പൊലീസ് സംഘം ജീപ്പില്‍ പിന്തുടരുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇന്നലെ വൈകിട്ടോടെ വീടു വളഞ്ഞ് പൊലീസ് ശ്രീഹരിയെ പിടികൂടി. തുടര്‍ന്നു ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ തന്റെ വളര്‍ത്തു
മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശ്രീഹരി ഉന്നയിച്ചു. തുടര്‍ന്നു പൊലീസ് അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീപ്പില്‍ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളില്‍ കയറി തൂങ്ങി മരിക്കുക ആയിരുന്നു. കതകടച്ച് വീടിനുള്ളിലേക്ക് പോയ ശ്രീഹരി ഒടുപാട് സമയം കഴിഞ്ഞിട്ടും പുറത്തേക്കു വരാത്തത്തില്‍ സംശയം തോന്നിയ പൊലീസ് സംഘം പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.