ഓസ്ട്രേലിയയിലെ ഒരാളില്‍ ഗൊണോറിയയുടെ അപകടകരമായ വകഭേദം കണ്ടെത്തി. 50 വയസ്സുള്ള ഒരാള്‍ക്ക് സൂപര്‍-ഗൊണോറിയ എന്നു പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയതായി ഗവേഷകര്‍ അടുത്തിടെ പ്രസ്സിദ്ധീകരിച്ച ജേണലില്‍ പറയുന്നു. സുരക്ഷാമാര്‍ഗം ഇല്ലാതെ കംബോഡിയയിലുള്ള ഒരു ലൈംഗികത്തൊഴിലാളിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെട്ടതിനെ തുടര്‍ന്നാണ് ഈ രോഗം പിടിപെട്ടത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മൂത്രമൊഴിക്കുന്നതിനിടെ ലിംഗത്തില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഗൊണോറിയ കണ്ടെത്തുന്നത്. ഗൊണോറിയയുടെ ചികിത്സയുടെ ഭാഗമായി സാധാരണയായി നല്കി വന്നിരുന്ന അസിത്രോമൈസിനും നിരവധി ആന്റിബയോട്ടിക്കുകളുമൊക്കെ നല്‍കിയെങ്കിലും അതൊന്നും പ്രയോജനം ചെയ്തില്ല. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നേരത്തെ തന്നെ പല രാജ്യങ്ങളിലും സൂപര്‍ ഗൊണോറിയയുടെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. സാധാരണ ഈ രോഗത്തിന് നല്കുന്ന ആന്റിബയോടികുകള്‍ ഈ രോഗിയില്‍ ഫലപ്രദമല്ലന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയാണ് ഗൊണോറിയ. ഗൊണോകോകസ് എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. ലിംഗത്തില്‍ നിന്നുള്ള സ്രവങ്ങളിലും യോനിയിലെ ദ്രാവകത്തിലുമാണ് ഈ ബാക്ടീരിയ സാധാരണയായി കാണപ്പെടുന്നത്. മൂത്രനാളി, മലാശയം, തൊണ്ട എന്നീ ശരീര ഭാഗത്തെ ഈ രോഗം ബാധിക്കും. രോഗബാധിതയായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കുട്ടിയിലും ഈ രോഗം പിടി പെടാം. ഗൊണോറിയ ഗര്‍ഭസ്ഥ ശിശുവിന്റെ കണ്ണുകളെയാണ് ബാധിക്കുന്നത്. യോനിയില്‍ നിന്നും ലിംഗത്തില്‍ നിന്നും പച്ചയോ മഞ്ഞയോ നിറത്തിലുള്ള സ്രവം, മൂത്രമൊഴിക്കുമ്ബോള്‍ ഉള്ള അസഹ്യമായ വേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ആന്റിബയോട്ടിക്കുകളാണ് സാധാരണ ഈ രോഗത്തിന് നല്‍കുന്നത്. ഒന്നോ രണ്ടോ ആഴ്ചത്തെ ചികിത്സ കൊണ്ട് രോഗം പൂര്‍ണമായി മാറും.