ശ്വസിക്കുമ്ബോള്‍ പോലും ദുര്‍ഗന്ധമുണ്ടായി, ഭര്‍ത്താവിനെ ഭയന്ന് ഗര്‍ഭസ്ഥ ശിശു മരണപ്പെട്ട വിവരം അനിത ആരോടും പറഞ്ഞില്ല; അനിത അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളെന്ന് ബന്ധുക്കള്‍

by Reporter

ഗര്‍ഭിണിയായിരിക്കെ മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ അതീവ ഗുരുതരമായ  ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഭര്‍ത്താവ് ജ്യോതിഷ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രണ്ട് മുറി മാത്രമുള്ള വീട്ടില്‍ മര്‍ദിക്കുന്നത് പുറത്ത് അറിയാതിരിക്കാന്‍ അനിതയുടെ വായില്‍ ഇയാള്‍ തുണി തിരുകി വയ്ക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അനിതയുടേതും ജ്യോതിഷിന്റേതും പ്രണയ വിവാഹമായിരുന്നു. അനിതയുടെ വീട്ടുകാര്‍ 35 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വിവാഹസമയത്ത് ജ്യോതിഷിന് നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍  ഈ കാറില്‍ ഓട്ടം പോയിരുന്നു. പക്ഷേ പതിയെ അത് നിലച്ചു. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വാഹനം പണയം വച്ച് 80,000 രൂപ കടം വാങ്ങി. അടവ് മുടങ്ങിയതോടെ വാഹനം പണമിടപാടു  സ്ഥാപനം പിടിച്ചെടുത്തു.

പിന്നീട് ഇയാള്‍ മറ്റ് ഒരു ജോലിക്കൊന്നും പോയിരുന്നില്ല. ഭാര്യ വീട്ടുകാരുടെ ചിലവിലായിരുന്നു ജ്യോതിഷ് ജീവിച്ചതെന്ന് അനിതയുടെ ബന്ധുക്കള്‍ പറയുന്നു. അനിത രണ്ടാമതും ഗര്‍ഭിണി ആയതോടെ വീട്ടുകാര്‍ അറിയാതെ കുട്ടിയെ ഇല്ലാതാക്കാന്‍ ആയിരുന്നു ശ്രമം. ഗര്‍ഭ പരിചരണം ലഭിക്കാതെ വന്നതോടെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു.   ഈ വിവരം  പുറത്തറിയിക്കാതിരിക്കാന്‍ ജ്യോതിഷ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു.

മരണപ്പെട്ട കുട്ടിയെ നീക്കം ചെയ്യാതെ വന്നതോടെ ശ്വസിക്കുമ്ബോള്‍ പോലും ദുര്‍ഗന്ധം ഉണ്ടാകുന്ന അവസ്ഥയായി, വേദന അസഹനീയമായപ്പോഴും ഭര്‍ത്താവിനെ ഭയന്ന്  അനിത എല്ലാം ഉള്ളില്‍ ഒതുക്കി. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ അമ്മയും സഹോദരനും ചേര്‍ന്നാണ് അനിതയെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം നടത്തിയ ശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥ ശിശുവിനെയും, പിന്നീട് നടത്തിയ ശസ്ത്രക്രിയയില്‍ അനിതയുടെ ഗര്‍ഭപാത്രവും നീക്കിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Leave a Comment