Site icon Malayali Online

”ഇറങ്ങി വാ മോനേ; അമ്മയാണ് വിളിക്കുന്നത്. നിനക്കായി കാത്തിരിക്കുന്നു ” അമ്മയുടെ വാക്ക് കേട്ട് ഭീകരവാദത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് അവര്‍ മടങ്ങിയെത്തി

അമ്മയുടെ സ്നേഹത്തിന് മുന്നില്‍ ആ തീവ്രവാദികളുടെ കല്ലായി രൂപപ്പെടുത്തിയ മനസ്സലിഞ്ഞു.    ”ഇറങ്ങി വാ മോനേ; അമ്മയാണ് വിളിക്കുന്നത്. നിനക്കായി കാത്തിരിക്കുന്നു” ശ്രീനഗറില്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് പെറ്റമ്മയുടെ വിളിക്ക് മുന്നില്‍ പിടിച്ച് നില്ക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ വാക്കിന്റെ ശക്തിയില്‍ കൊടും ഭീകര വാദികള്‍ക്കൊപ്പം ഒളിച്ചിരുന്നപ്പോള്‍ പോലും ചെവി കൊടുക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ ആയുധം താഴെ വച്ച് ഇറങ്ങി വന്നു.

അറിവില്ലായിമ കൊണ്ട് എന്തെങ്കിലും  തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ രാജ്യത്തിന്‍റെ സുരക്ഷാ സേനയോട് മാപ്പ് പറയാമെന്ന അമ്മമാരുടെ വാക്കുകള്‍ ആ തോക്കേന്തിയ യുവാക്കളെ കൈപിടിച്ച്‌ കൊണ്ട് വന്നത് പുതിയൊരു ലോകത്തിലേക്കും ജീവിതത്തിലേക്കുമാണ്. തീവ്രവാദികളുടെ വിഹാര കേന്ദ്രമെന്ന് ഭയത്തോടെ നമ്മള്‍ കാണുന്ന ജമ്മു -കാശ്മീരിലെ കുല്‍ഗാം എന്നു പേരുള്ള ജില്ലയിലാണ് ഈ നാടകീയമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30നു കുല്‍ഗാമിലെ ഹ‌ഡിഗാം ഗ്രാമത്തില്‍ എത്തിയ തീവ്രവാദികളുടെ സംഘത്തില്‍ പ്രദേശ വാസികളായ രണ്ട് യുവാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു സൈനികര്‍ മനസ്സിലാക്കി. ഉടന്‍ തന്നെ അവരുടെ വീട്ടുകാരെ സൈനികര്‍ സംഭവ സ്ഥലത്തെത്തിക്കുകയും അവരോടു തീവ്രവാദികളുടെ അമ്മമാര്‍ സംസാരിക്കുകയും ചെയ്തു.  അമ്മമാരുടെ വാക്കുകള്‍ കേട്ട് മനസ് മാറിയ ആ യുവാക്കള്‍ ഒടുവില്‍ ആയുധം വച്ച്‌ കീഴടങ്ങുകയുമായിരുന്നു.

ഇരുപതു വയസിനകത്ത് മാത്രം  പ്രായം ഉള്ള യുവാക്കള്‍ അന്താരാഷ്ട്ര ഭീകര സംഘടന ആയ ലഷ്കര്‍-ഇ-ത്വയ്ബയിലേയ്ക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നത് അടുത്തിടെയാണ്. വളരെ അപൂര്‍വമായിട്ടാണ് തീവ്രവാദ സംഘത്തില്‍പ്പെട്ടവരെ ഇത്തരത്തില്‍  ജീവനോടെ പിടി കൂടാന്‍ കഴിയുന്നതെന്ന് സൈന്യം പറഞ്ഞു. നൂറോളം പേരാണ് ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത്.

Exit mobile version