13 വര്‍ഷം മുന്‍പ് കാണാതായ അച്ഛനെ കണ്ടെത്തുന്നതിന് മകള്‍ സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്ക് വച്ചു; പ്രവാസി മലയാളികളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ലക്ഷ്യം കണ്ടു; ചന്ദ്രന്‍ ഇനി നാട്ടിലേക്ക്

by Reporter

പതിമുന്ന് വര്‍ഷം മുന്‍പ് കാണാതായ അച്ഛനെ അന്വേഷിച്ച് മകള്‍ പങ്ക് വച്ച  കുറിപ്പ് നവ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റി.  ബഹ്റിനില്‍ ജോലിക്കു പോയ അച്ഛനെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ അഞ്ജുവാണ് സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടത്തോടെ ബഹറിനിലെ മലയാളി സമൂഹം അഞ്ജുവിനെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു. ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ അഞ്ജുവിന്റെ അച്ഛന്‍ ചന്ദ്രനെ വളരെ വേഗം അന്വേഷിച്ച് കണ്ടെത്തി. ഭാര്യയും മക്കളുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ നാട്ടിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.

2009ലാണ് ചന്ദ്രന്‍ ബഹ്റൈനിലെത്തുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസയുടെ കാലാവധി അവസാനിച്ചു. പിന്നീട് പുതുക്കാന്‍ കഴിഞ്ഞില്ല. അധികം വൈകാതെ പാസ്സ്പോര്‍ട്ടിന്റെ കാലാവധി കൂടി പൂര്‍ത്തിയായതോടെ നാട്ടിലേക്ക് പോകുന്നത് ഒരു വിദൂര സ്വപ്നമായി മാറി. ഇത്രയും നാള്‍ നിര്‍മ്മാണ രംഗത്തു ചെറിയ ജോലികള്‍ ചെയ്തു ജീവിതം തള്ളി നീക്കുകയായിരുന്നു അദ്ദേഹം.

13 വര്‍ഷം മുന്‍പ് നാടുവിട്ട അച്ഛനെ എങ്ങനെയും കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നു അഭ്യര്‍ത്ഥിച്ചായിരുന്നു നഴ്സിങ് വിദ്യാര്‍ത്ഥിനിയായ അഞ്ജു സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്ക് വച്ചത്. തന്റെ അമ്മ തൊഴില്‍ രഹിത ആണെന്നും ജോലി ഇല്ലാത്തത്തിനാല്‍ പഠിക്കുന്നതിനുള്ള ഫീസ് കൊടുക്കാന്‍  പോലും നിവൃത്തിയില്ലെന്നും അഞ്ജു പങ്ക് വച്ച കുറിപ്പില്‍ വിശദീകരിച്ചിരുന്നു. അഞ്ജുവിന്റെ വേദന ബഹറിനിലെ മലയാളികള്‍ നെഞ്ചിലേറ്റി.

തുടര്‍ന്നു ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഒരുമിച്ച് ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  കഴിഞ്ഞ ദിവസം ചന്ദ്രനെ കണ്ടെത്തിയത്. ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തിലാണ് ചന്ദ്രനെ കണ്ടെത്തുന്നത്. മുഹറഖ് സ്വദേശിയായ ശറഫുദ്ദിന്‍, ചന്ദ്രനെക്കുറിച്ചുള്ള സൂചന നല്‍കിയപ്പോള്‍ സുധീര്‍,  മുഹറഖിലുള്ള ചന്ദ്രന്റെ താമസസ്ഥലത്തെത്തി തിരിച്ചറിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചന്ദ്രന്‍ ഉടന്‍ നാട്ടിലേക്കു തിരിക്കും. 

Leave a Comment