അമ്മ ചെയ്ത പാപത്തിന്റെ ഫലമാണ് എന്നൊക്കെ പറയുന്നവന്റെ കരണം പുകക്കാനേ പറ്റൂ. വീരവാദങ്ങള്‍ അന്തസ്സായി കാണുന്നവരോട് മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ല.; കടുവയിലെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക

by Reporter

പൃഥ്വിരാജ് ചിത്രം  കടുവയിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ പരാമര്‍ശം വലിയ വിമര്‍ശനത്തിനാണ് വഴി വച്ചിരുന്നു. ഇത്  വിവാദമായി മാറിയതോടെ ഖേദം പ്രകടിപ്പിച്ച്‌ ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും രംഗത്തു വന്നിരുന്നു. പക്ഷേ അപ്പോഴും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കു അറുതി വന്നില്ല എന്നു വേണം കരുതാന്‍. ഏറ്റവും ഒടുവിലായി കടുവയിലെ ഈ പരാമര്‍ശത്തിനെതിരെ മാധ്യമ പ്രവര്‍ത്തകയായ അപര്‍ണ കാര്‍ത്തിക സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച ഒരു കുറിപ്പ് വലിയ ചര്ച്ച ആയി മാറി.

ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാവുന്നത് അച്ഛനമ്മമാര്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന വാചകം മലയാള സിനിമാ ചരിത്രത്തില്‍ സ്ത്രീപക്ഷ സൃഷ്ടികള്‍ക്കൊപ്പം ചേര്‍ത്തുവെക്കേണ്ട ഒരു മഹത് വചനമാണെന്ന് അപര്‍ണ കാര്‍ത്തിക പരിഹസിക്കുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കുറിച്ചോ, അവരുടെ അമ്മയെയും അച്ഛനെയും കുറിച്ചോ അവരുടെ കൂടെപ്പിറപ്പിനെ കുറിച്ചോ  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്ന് അവര്‍ ചോദിക്കുന്നു. തനിക്ക് അങ്ങനെ ഒരു ആങ്ങള ഇല്ലായിരുന്നുവെങ്കില്‍ താനും അതുപോലെ ചിന്തിക്കുമായിരുന്നില്ലന്നു അവര്‍ പറയുന്നു. അവരൊക്കെ എങ്ങനെ ജീവിക്കുന്നുവേന്നോ അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണെന്നോ ചിന്തിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തിയറ്ററില്‍ കയ്യടി വാങ്ങാനായി ഇത്ര നാണം കെട്ട ഡയലോഗ് വിളിച്ചുപറയില്ലായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

സ്വന്തം വീട്ടില്‍ പോലും പുറത്തിറങ്ങുന്നതിന് നല്ല നേരം നോക്കേണ്ടി വരുന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാരുള്ളവരുടെ ഒരു നാടാണ് നമ്മളുടേത്. പലരും സാമ്ബത്തികമായും സാമൂഹികമായും തകര്‍ന്നു പോയത് ആ കുട്ടികള്‍ക്ക് വേണ്ടിയാണ്. പൊതു സമൂഹത്തെയും അവരുടെ സഹതാപം തുളുമ്ബുന്ന ചോദ്യങ്ങളെയും ഭയന്ന് കുടുംബങ്ങളിലെ കല്യാണത്തിനോ ഉത്സവത്തിനോ മറ്റ് പരിപാടികള്‍ക്കോ പോവാതിരുന്ന ബാല്യവും യൌവനും അത്ര സുഖമുള്ള കാര്യമല്ല.

ക്ലാസ് മുറികളില്‍ ഒറ്റപ്പെട്ടുപോയ കുട്ടിക്കാലം, കൂട്ടുകുടുംബത്തില്‍ സ്വന്തമെന്ന് കരുതിയവര്‍ കല്യാണത്തിനു വിളിച്ചിട്ടു പോവുമ്ബോള്‍ കൂടപ്പിറപ്പിനെ ഒപ്പം കൂട്ടേണ്ട എന്ന് പറയാതെ പറഞ്ഞത് ഒരിക്കലെങ്കിലും അനുഭവിച്ചിരുന്നെങ്കില്‍, അവരെ അറിഞ്ഞിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വാക്കുകള്‍ സിനിമയില്‍ വരില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. പിന്നില്‍ നിന്നുള്ള പരിഹാസ ചിരിയും അര്‍ത്ഥം വെച്ചുള്ള വാക്കുകളും താന്‍ പലതവണ  കേട്ടിട്ടുണ്ട്. അന്നൊക്കെ കരഞ്ഞ് നീന്തി കടന്നത് ചെറിയ പുഴയല്ല. പിന്നീട് ഓരോ സ്ഥലത്തും അവന്‍റെയൊപ്പം നടക്കുമ്ബോള്‍ താന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ചിരിയോളം സ്നേഹം വേറെ ഒന്നിലും അറിഞ്ഞിട്ടേയില്ല, അവന്‍ തന്ന സ്നേഹക്കടലോളം തിരിച്ചു കൊടുക്കാന്‍ പറ്റിയിട്ടില്ലെന്ന സങ്കടമേയുള്ളൂ. വെറുപ്പോ വിദ്വേഷമോ പകയോ പരിഹാസമോ ഇല്ലാതെ കെട്ടിപ്പിടിച്ച്‌ സ്നേഹത്തിലൊരുമ്മ തരാന്‍ അവനല്ലേ കഴിയൂ അത് കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ എന്നേ പറയാനാവൂയെന്ന് അവര്‍ കുറിക്കുന്നു..

എന്നാല്‍ അമ്മ ചെയ്ത പാപത്തിന്റെ ഫലമാണ് എന്നൊക്കെ പറയുന്നവന്റെ കരണം പുകക്കാനേ പറ്റൂ. വീരവാദങ്ങള്‍ അന്തസ്സായി കാണുന്നവരോട് മറ്റെന്തു പറഞ്ഞിട്ടും കാര്യമില്ല. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് ഒരു എഴുത്തുകാരന്‍ ഇതിന് സമാനമായി മറ്റൊരു കണ്ടുപിടിത്തം നടത്തിയിരുന്നു. സമുദ്രശിലയായി ഉറച്ച ആ വാക്കുകള്‍ പറഞ്ഞവരൊക്കെ ഇപ്പോഴും കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ സ്വയം കസേര വലിച്ചിട്ട് ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്. അവര്‍ കുറിച്ചു.

Leave a Comment