കാമുകിയുടെ ഒപ്പമുള്ള വിദേശയാത്ര ഭാര്യ അറിയാതിരിക്കാന്‍ ഭര്‍ത്താവ് ഒരു ‘ഐഡിയ’ കണ്ടെത്തി. പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് അത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയുന്നത്; ഭര്‍ത്താവ് ഇപ്പോള്‍ ജാമ്യം കാത്ത് ജയിലിലും; സംഭവം ഇങ്ങനെ

by Reporter

കാമുകിയുടെ ഒപ്പം നടത്തിയ വിദേശയാത്ര ഭാര്യയുടെ മുന്നില്‍ നിന്നും ഒളിക്കുന്നതിന് ഭര്‍ത്താവ് നടത്തിയ ശ്രമം ഒടുവില്‍ ബൂമറാംഗ് പോല ഒരു പണിയായി തിരികെ വന്നു. അതിബുദ്ധി ഭര്‍ത്താവിനെ കൊണ്ടെത്തിച്ചത് ജയിലില്‍ ആയിരുന്നു. ഈ സംഭവം നടന്നത് മുംബൈയില്‍ ആണ്.

വിവാഹേതര പ്രണയബന്ധം ഭാര്യ അറിയാതിരിക്കുന്നതിന് കണ്ടെത്തിയ കുറുക്ക് വഴിയാണ് യുവാവിന് ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്തത്. താന്‍ കാമുകിയുടെ ഒപ്പം വിദേശയാത്ര നടത്തിയ കാര്യം ഭാര്യ അറിയരുതെന്ന് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നു. അതിനു അയാള്‍ കണ്ടെത്തിയ മാര്‍ഗം പാസ്‌പോര്‍ട്ടില്‍ നിന്നും കുറച്ചു പേജുകള്‍ കീറിക്കളയുക എന്നതായിരുന്നു. പക്ഷേ അത് തന്നെ ഇയാള്‍ക്ക് കെണി ആയി മാറി. പാസ്‌പോര്‍ട്ടിന്‍റെ പേജുകള്‍ നശിപ്പിച്ച കുറ്റത്തിന് 32കാരനായ യുവാവ് പിന്നീട് പോലീസ് കസ്റ്റഡിയിലായി. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പ്രതി തന്‍റെ കാമുകിയെ കാണുന്നതിന് വിദേശത്തേക്ക് യാത്ര പോയിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ ഇന്ത്യയില്‍ മടങ്ങി എത്തിയത്. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളുടെ കള്ളത്തരം പുറത്തു കൊണ്ട് വന്നത്. അവര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍
നീക്കം ചെയ്തതായി അവര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് ഈ യുവാവ്‌ സത്യം തുറന്ന് പറഞ്ഞത്.

താന്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്രയ്ക്ക് പോവുകയാണ് എന്നു ഭാര്യയോട് പറഞ്ഞതിന് ശേഷം കാമുകിയുടെ ഒപ്പം വിദേശത്തേയ്ക്ക് പോവുക ആയിരുന്നുവെന്ന് യുവാവ്‌ തുറന്നു പറഞ്ഞു. ഭാര്യ കള്ളം കണ്ടെത്തിയാലോ എന്നു ഭയന്നാണ് വിദേശ യാത്ര മറച്ചു വക്കുന്നതിന് വേണ്ടി ഇയാള്‍ പാസ്പോര്‍ട്ടിന്‍റെ പേജുകള്‍ കീറിക്കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ നശിപ്പിച്ച കുറ്റം കൂടാതെ, വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്നിലേറെ വകുപ്പുകള്‍ അനുസരിച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്  പറഞ്ഞു.

Leave a Comment