സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് യുവതിയെയും കാമുകനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. വിവാഹിതനായ മുപ്പതുകാരനും ഇയാളുടെ 29-കാരിയായ കാമുകിയെയുമാണ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ചെന്നൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കൂടാതെ ഇരയ്ക്ക് 10 ലക്ഷം രൂപവീതം ഇരുവരും നല്‍കണമെന്നും പോക്സോ കോടതി ജഡ്ജി എം രാജലക്ഷ്മി വിധിച്ചു. ജീവപര്യന്തം തടവിനോടൊപ്പം രണ്ട് പ്രതികളും 1.30 ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2018 ജൂലൈയിലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. ചെന്നൈ ത്യാഗരാജ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന യുവതി തന്റെ വീട്ടില്‍ ട്യൂഷന് നടത്തി വന്നിരുന്നു. ഇവരുടെ വീടിന് അടുത്ത് തന്നെ ആയിരുന്നു കാമുകനായ യുവാവ് ഭാര്യയുമൊപ്പം താമസ്സിച്ചു വന്നിരുന്നത്. യുവാവ് പറഞ്ഞതനുസരിച്ച് യുവതി വീട്ടില്‍ ട്യൂഷന് എത്തിയിരുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ ഒരു മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഈ യുവതി തന്നെ വിദ്യാര്‍ത്ഥിനിയുടെ നഗ്ന വീഡിയോ പകര്‍ത്തുകയും ചെയ്തു. വീട്ടില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടു വന്നില്ലങ്കില്‍ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും കാണാതാവുന്നത് പതിവായി. തുടര്‍ന്നു ഇത് സംബന്ധിച്ചത് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കള്‍ പോലീസ്സില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ത്യാഗരാജ നഗര്‍ വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഈ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്യുക ആയിരുന്നു. ചെന്നൈയിലെ പ്രത്യേക പോക്സോ കോടതിയിലാണ് വിചാരണ നടന്നത്.