Site icon Malayali Online

സിന്‍സി പി.അസീസിന്റെ അകാല വിയോ​ഗം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍

എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന സഹപ്രവര്‍ത്തകയുടെ അപ്രതീക്ഷിത വി​യോ​ഗം സഹപ്രവര്‍ത്തകരായ പൊലീസുകര്‍ക്കാര്‍ക്കും തന്നെ  താങ്ങാനാകുന്നില്ല. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിന്‍സി പി.അസീസിന്റെ വിയോഗത്തിലുള്ള ദുഃഖത്തിലാണ് സഹപ്രവര്‍ത്തകര്‍. പന്തളം കുളനട സ്വദേശിയാണ് സിന്‍സി.  അമിത വേഗത്തില്‍ വന്ന കാറിടിച്ച്‌ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സിന്‍സി മരണപ്പെട്ടത്.

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ ഉച്ചയോടെ പത്തനംതിട്ട എ.ആര്‍. ക്യാമ്ബില്‍ കൊണ്ട് വന്ന് പൊതു ദര്‍ശനത്തിന് വച്ചു. വൈകുന്നേരത്തോടെ ഭര്‍ത്താവ്: ആര്‍. സനല്‍കുമാറിന്റെ കുളനടയിലുള്ള വീട്ടില്‍ കൊണ്ട് വന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. മകന്‍: സിദ്ധാര്‍ഥ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതില്‍ പ്രത്യേക താത്പര്യമെടുത്തിരുന്ന വ്യക്തിയായിരുന്നു സിന്‍സിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോഴും തങ്ങളുടെ  പ്രിയപ്പെട്ട സഹപ്രവര്‍ത്തക വേഗം തിരികെ എത്തുമെന്നായിരുന്നു എല്ലാവരുടെയും കരുതിയിരുന്നത്. മരുന്നുകളോട് പ്രതികരിച്ചപ്പോള്‍  എല്ലാവരും സിന്‍സി വേഗം ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. പക്ഷേ ആ പ്രതീക്ഷകളൊക്കെ അസ്ഥാനത്തായി. സിന്‍സിയെ മരണം കവര്‍ന്നെടുത്തു.

2016-ലാണ് സിന്‍സി  സിവില്‍ പോലീസ് ഓഫീസറായി  ജോലിയില്‍ പ്രവേശിച്ചത്. പോലീസ് പരിശീലനത്തിന് ശേഷം മലയാലപ്പുഴ പോലീസ് സ്റ്റേഷനിലാണ് ആദ്യം സേവനം അനുഷ്ഠിച്ചത്. പിന്നീട്  ആറന്മുള പോലീസ് സ്റ്റേഷനിലും വനിതാ പോലീസ് സ്റ്റേഷനിലും ജോലി നോക്കി. ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ചത് ആറന്മുള സ്റ്റേഷനിലാണ്. 2018-ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയില്‍ ചേര്‍ന്ന് പരിശീലനം നേടിയിരുന്നു. പിന്നീട് മാസ്റ്റര്‍ ട്രെയിനിയായി ജില്ലയിലുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കി. സ്വയം പ്രതിരോധപരിശീലന പദ്ധതിയില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥയായിരുന്നു സിന്‍സിയെന്ന് പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥ പറഞ്ഞു.

ജൂലായ് 11-ന് ഉച്ചയ്ക്ക് പന്തളം-ആറന്മുള റോഡില്‍ കുറിയാനിപ്പള്ളിയില്‍വെച്ചു നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വഴിയില്‍കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നു. പിന്നീട്  ഇലവുംതിട്ട സ്റ്റേഷനില്‍നിന്നും പോലീസുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Exit mobile version