മാനസ്സിക നില തെറ്റിയ രാജു തെരുവില്‍ അലഞ്ഞത് പത്ത് വര്‍ഷത്തോളം; ഇന്ന് പുതിയ മനുഷ്യനായി ഒറീസയിലേക്ക് മടക്കം; പൊന്നാനി ഇ.സി.ആര്‍.സിക്കു ഇത് അഭിമാന നിമിഷം

by Reporter

തെരുവില്‍ അലയുന്നവര്‍ക്ക് ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്ന പൊന്നാനിയിലെ എമര്‍ജന്‍സി കെയര്‍ റിക്കവറി സെന്‍ററിന്റെ സ്‌നേഹത്തണലില്‍ 55കാരനായ രാജു ദഹൂലി നീണ്ട പത്തു വര്‍ഷത്തിനു ശേഷം ഒറീസയിലുള്ള തന്‍റെ സ്വന്തം വീട്ടിലേക്ക് തിരികെ പോകുന്നു.

മാനസിക നിലയിലുള്ള തകരാര് മൂലം വീട്ടില്‍ നിന്നും ഇറങ്ങിയ രാജു പല നാടുകളിലൂടെ അലഞ്ഞു തിരിഞ്ഞാണ് ഒടുവില്‍ പൊന്നാനിയില്‍ എത്തുന്നത്. ഏതാണ്ട് നാല് മാസം മുന്‍പാണ് രാജു ഇ.സി.ആര്‍.സി വാളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവര്‍ രാജുവിനെ തൃക്കാവിലെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുക ആയിരുന്നു. അവിടെ എത്തിയ രാജുവിനെ അവര്‍ ചികിത്സക്കു വിധേയമാക്കി. വിദഗ്ധരുടെ  പരിചരണത്തില്‍ രാജു പുതിയൊരു മനുഷ്യനായി മാറി. ഒറീസയിലെ ബെല്‍ദുല്‍ഗിരിയിലുള്ള വീട്ടിലേക്ക് അദ്ദേഹം ഇന്ന് യാത്രയാകും.

രാജുവിനെ ഇ.സി.ആര്‍.സി വളണ്ടിയര്‍മാര്‍ ആദ്യം കാണുമ്പോള്‍ മരക്കമ്ബിന്റെ രണ്ടറ്റത്ത് ഭാരമുള്ള സഞ്ചികള്‍ തൂക്കിയിട്ടു നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയില്‍ ആയിരുന്നു. ഈ സഞ്ചിയില്‍ ഉണ്ടായിരുന്നത് കല്ലും കട്ടയും കമ്ബിയും ഭക്ഷണവുമൊക്കെ ആയിരുന്നു. കഴിഞ്ഞ വര്ഷം ഏപ്രിലിലാണ് രാജുവിനെ  ഇ.സി.ആര്‍.സിയില്‍ കൊണ്ട് വരുന്നത്. ചികിത്സ ആരംഭിച്ച് അധികം വൈകാതെ തന്നെ ഇയാള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താന്‍ തുടങ്ങി.

ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ പെട്ട രാജുവിന്‍റെ വീട്ടില്‍ ഭാര്യയും മക്കളുമുണ്ട്. രാജു തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാത്തിലാണ് ഒറീസയിലുള്ള കുടുംബവുമായി ഇ.സി.ആര്‍.സിയുടെ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നത്. പിന്നീട് വീഡിയോ കോളിലൂടെ രാജുവിനെ ഭാര്യ തിരിച്ചറിഞ്ഞു. പെട്ടന്നുണ്ടായ മാനസിക പ്രശ്നം മൂലം വീട് വിട്ടിറങ്ങിയതായിരുന്നു രാജു.

മാനസിക അസ്വസ്ഥതകള്‍ മൂലം തെരുവില്‍ അലയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കി പരിചരിച്ച്‌ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്ന കേന്ദ്രമാണ് ഇ.സി.ആര്‍.സി. പൊന്നാനി നഗരസഭക്ക് കീഴില്‍ പൊന്നാനി ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെയും ദി ബനിയന്റെയും സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Leave a Comment