നടി ആക്രമിക്കപ്പെട്ട കേസ് നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നില്‍ മുന്‍ ഭാര്യയും അതിജീവിതയും; തന്നെ കുടുക്കിയത് സിനിമയില്‍ തന്നെ ഉള്ള ചിലര്‍; കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

by Reporter

നടി ആക്രമിക്കപ്പെട്ട കേസ് സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് സുപ്രീം കോടതിയെ  സമീപിച്ചു.  ഈ കേസിൽ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദ്ദേശിക്കണം എന്നാണ് ദിലീപ് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മാത്രവുമല്ല തുടരന്വേഷണത്തിനുള്ള റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പുതിയ അന്വേഷണം നടത്തുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

ആക്രമിക്കപ്പെട്ട നടിക്കും തന്റെ മുൻ ഭാര്യക്കും എതിരെ അതീവഗുരുതരമായ ആരോപണങ്ങളും ദിലീപ് ഉന്നയിക്കുന്നുണ്ട്.  വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിന് അക്രമിക്കപ്പെട്ട നടിയും മുൻ ഭാര്യയും ശ്രമിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്ക് പോലീസിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽ കുടുക്കിയതെന്നും ദിലീപ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.


മലയാള ചലച്ചിത്ര ലോകത്തെ ഒരു വിഭാഗം ആൾക്കാർക്ക് തന്നോട് ശക്തമായി എതിർപ്പുണ്ടായിരുന്നു. അവരാണ് തന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ കുടുക്കിയതെന്ന് ദിലീപ് പറയുന്നു.  തന്റെ മുൻ ഭാര്യക്കും,  കേസിൽ ഉൾപ്പെട്ട നടിക്കും,  കേരള സംസ്ഥാനത്തെ പോലീസ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്.  അവരും തന്നെ ഈ കേസിൽ കുടുക്കാനായി ശ്രമിച്ചു.

അതേ സമയം ദിലീപ് സമർപ്പിച്ച അപേക്ഷയിൽ പോലീസ് ഉദ്യോഗസ്ഥയുടെ കൂടുതൽ വിവരങ്ങൾ ദിലീപ് സൂചിപ്പിച്ചിട്ടില്ല. വിചാരണ കോടതിയിൽ ജഡ്ജിക്ക് സ്ഥാനക്കയറ്റം കിട്ടി അവർ മേൽക്കോടതിയുടെ ജഡ്ജിയായി പോകുന്നതുവരെ കേസിന്റെ വിചാരണ നീട്ടാനാണ് തനിക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത ഉൾപ്പെടെയുള്ളവര്‍ രംഗത്ത് വന്നതെന്നു ദിലീപ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കൂടാതെ  കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ കുറിച്ച് നടി മാധ്യമത്തിന് അഭിമുഖം നൽകിയത് ഗുരുതരമായ പിഴവാണെന്നും എട്ടാം പ്രതി കൂടിയായ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

Leave a Comment