കല്യാണത്തിനും നൂല് കെട്ടിനും ഉപയോഗിക്കേണ്ടതല്ല പോലീസ്; ആഡംബര വിവാഹത്തിന് 1400 രൂപ നിരക്കിൽ പോലീസിനെ ഡ്യൂട്ടിക്കിട്ടതിൽ പ്രതിഷേധം ശക്തം

by Reporter

കല്യാണ വീട്ടിൽ പോലീസുകാരെ പാറാവു നിര്‍ത്തിയത്തില്‍ സേനയ്ക്കുള്ളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. പാനൂറ് പാലാക്കൂല്‍   സ്വദേശിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിൽ നിന്ന് പോലീസുകാരെ വിഐപി ഡ്യൂട്ടിക്കായി അനുവദിച്ചത്.  ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് കണ്ണൂർ സിറ്റി പോലീസ് മേധാവിയാണ്.

ഞായറാഴ്ചയായിരുന്നു വിവാഹം നടന്നത്.  വിവാഹത്തിന് പോലീസിന്റെ സേവനം വേണമെന്ന് പാലക്കൂൽ സ്വദേശിയാണ് സിറ്റി പോലീസിന് അപേക്ഷ നല്കിയത്.  ഇതോടെയാണ് പൊലീസുകാരെ അനുവദിക്കാൻ ജില്ലാ പോലീസ് മേധാവി എസ് പി പി സദാനന്ദൻ ഉത്തരവിട്ടത്.  ഒരു പോലീസ് ഉദ്യോഗസ്ഥന് 1400 രൂപാ നിരക്കിലാണ് അനുവദിച്ചത്. ഒരു  സ്വകാര്യ ചടങ്ങിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിട്ട നടപടിക്കെതിരെ സേനയ്ക്കുള്ളിൽ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വരുന്നത്.

ആഡംബര വിവാഹ വേദികളിൽ കാഴ്ച്ചവസ്തുവായി പോലീസിനെ മാറ്റുന്നതില്‍  കേരള പോലീസ് ഓഫീസ്സെഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്ക് വച്ചു. സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സുരക്ഷ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നതനുസരിച്ച് പണം കൊടുത്ത് ഉപയോഗിക്കാനാവുന്ന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് രൂപവത്കരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നും,  ഏതെങ്കിലും ചില വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന് ഉപയോഗിക്കേണ്ടവരാണ്  പൊലീസ് ഉദ്യോഗസ്ഥരെന്നും സി.ആര്‍. ബിജു പറയുന്നു.

ഏതായാലും ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡീ ജീ പീക്കും പോലീസ് ഓഫീസർ അസോസിയേഷൻ പരാതി കൊടുത്തിട്ടുണ്ട്.  എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് അപേക്ഷിച്ചാൽ പോലും സേനയിൽ ആളില്ലെന്ന് മറുപടി ലഭിക്കുമ്പോൾ ഒരു സ്വകാര്യ ചടങ്ങിന് പോലീസുകാരെ അനുവദിച്ചതിൽ സേനയുടെ ഉള്ളിലുള്ളവർക്ക് തന്നെ വലിയ തോതിലുള്ള അമർഷമാണ് ഉള്ളത്

Leave a Comment