“ഞാന്‍ അന്വേഷിച്ചു നടന്ന ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ” വിജയിയെ അന്വേഷിച്ച് നടന്ന ലോട്ടറി വില്‍പ്പനക്കാരനു തന്നെ ഇത്തവണത്തെ ഒന്നാം സമ്മാനം

by Reporter

അര്‍ഹിക്കുന്ന കൈകളില്‍ പണം എത്തുമ്പോഴാണ് പലപ്പോഴും അതിനെ ജനപ്രിയം എന്നു വിളിക്കുന്നത്. പാലയില്‍ ലോട്ടറി വില്‍പ്പനക്കാരനെ തേടി ഭാഗ്യം എത്തിയപ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും അന്ന്വര്‍ത്ഥമായി മാറി.  പാലായില്‍ ലോട്ടറി വില്‍പനക്കാരനു തന്നെ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം ലഭിച്ചു. കഴിഞ്ഞ ദിവസം നറുക്കെടുപ്പു നടന്ന നിര്‍മ്മല്‍ ലോട്ടറിയുടെ എന്‍.എന്‍. 227146 ടിക്കറ്റിനാണ്‌ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്‌.

പൂഞ്ഞാര്‍ വെള്ളാപ്പള്ളില്‍ ചന്ദ്രനനെന്ന 54 കാരനാണ് ആ  ഭാഗ്യവാന്‍. പാലാ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡിനകത്ത് പ്രവര്‍ത്തിക്കുന്ന ഭഗവതി ലക്കി സെന്ററില്‍ നിന്നുമാണ്‌ ചന്ദ്രന്‍ ലോട്ടറി വാങ്ങി വില്‍പന നടത്തി വന്നിരുന്നത്. എം.ജെ. പ്രശാന്തിന്റെ ഉടമസ്‌ഥതിയിലുള്ള സ്ഥാപനമാണ് ഇത്. ഒന്നാം സമ്മാനം ഇവിടെ നിന്നും വില്‍പ്പന നടത്തിയ ടിക്കറ്റിനായിരുന്നെങ്കിലും രണ്ടു ദിവസമായി വിജയിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ആരാണ് ആ ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുക ആയിരുന്നു എല്ലാവരും. പാലായിലും മറ്റുമായി നടന്ന്‌ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന ചന്ദ്രന്‍ കഴിഞ്ഞ ദിവസം ചില ശാരീരിക ബുദ്ധിമുട്ടികളെ തുടര്‍ന്ന്‌ കുറച്ചു ടിക്കറ്റുകള്‍ വില്‍പ്പന നടത്താന്‍ കഴിയാതെ വീട്ടിലേക്ക്‌ മടങ്ങിപ്പോയിരുന്നു.

ഈ ടിക്കറ്റുകള്‍ വീട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്‌തു. അടുത്ത ദിവസം എന്നത്തേയും പോലെ ലക്കി സെന്ററിലെത്തി ലോട്ടറിയെടുത്തു പതിവ് പോലെ വില്‍പ്പന നടത്തി വന്നു.   ഉച്ചയോടെ ഫലം വന്നപ്പോള്‍, താന്‍ വില്‍പന നടത്തിയ ലോട്ടറിക്കാണ്‌ ഒന്നാം സമ്മാനം കിട്ടിയതെന്ന് അറിയുന്നത്. പിന്നീട് ആരാണ് വിജയി എന്നു കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അപ്പോഴാണ് കുറച്ചു ടിക്കറ്റുകള്‍ താന്‍ വീട്ടില്‍ വച്ചിരുന്ന കാര്യം  ഓര്‍മ്മയിലേക്ക് വന്നത്. പിന്നീട് വീട്ടില്‍ ചെന്നു പരിശോധിച്ചപ്പോഴാണ്  സമ്മാനാര്‍ഹമായ ടിക്കറ്റ്‌ തന്‍റെ പക്കല്‍ ആണ് ഉള്ളതെന്ന് മനസ്സിലാകുന്നത്. തുടര്‍ന്നു വിവരം ഏജന്റ്‌ പ്രശാന്തിനെ അറിയിച്ചു. ശേഷം ഈ  ടിക്കറ്റ്‌ ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ നല്‍കി. കഴിഞ്ഞ 8 വര്‍ഷത്തോളമായി ലോട്ടറി വില്‍പന നടത്തിയാണ്‌ ചന്ദ്രന്‍ ജീവിച്ച് പോന്നിരുന്നത്. കൂലിപ്പണിക്കാരനായിരുന്നു, തോളെല്ലിന്‌ അകല്‍ച്ച വന്നതോടെ ജോലിക്ക്‌ പോകാന്‍ കഴിയാതെ ലോട്ടറി വില്‍പ്പനയിലേക്ക് തിരിയുക ആയിരുന്നു. ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്നതാണ് കുടുംബം.

Leave a Comment