അഹിന്ദുക്കള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ താന്‍ പങ്കെടുക്കില്ലായിരുന്നു; പുനര്‍ലേലത്തിനെതിരെ അമല്‍ മുഹമ്മദ്

by Reporter

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ഥാര്‍ പുനര്‍ലേലത്തില്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ആദ്യം വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദ് അലി രംഗത്ത്. ലേലം വിവാദമായി മാറിയപ്പോള്‍ അനുയോജ്യമായ തീരുമാനമെടുക്കാനാണ് കോടതി അറിയിച്ചത്. അല്ലാതെ പുനര്‍ലേലം നടത്താന്‍ പറഞ്ഞിട്ടില്ല. ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്,   ഇതില്‍ ദേവസ്വം ബോര്‍ഡിനും കമ്മീഷണര്‍ക്കും പങ്കുണ്ടെന്നു അമല്‍ ആരോപിക്കുന്നു.

ഒരു പ്രാവശ്യം വാഹനം ലേലം ചെയ്തു കഴിഞ്ഞാല്‍ അത് ലേലം പിടിക്കുന്ന ആളിന് നല്കണം. ആ ഥാര്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്ന് താനാണ് ലേലം വിളിച്ചെടുത്തത്. അതുകൊണ്ട് തന്നെ അത് നൂറ് ശതമാനവും തന്‍റെ വാഹനമാണ്. അന്ന് അവിടെ ലേലം വിളിക്കാന്‍ ആളില്ല എന്നത് തന്‍റെ കുറ്റമായി കാണാന്‍ കഴിയില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രത്തോളം ചര്‍ച്ച  നടന്നിട്ടും ലേലം വിളിക്കാനായി പരമാവധി 15 പേരാണ് എത്തിയത്. ലേലത്തില്‍ അഹിന്ദുക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കില്‍ താന്‍ ആ ലേലത്തില്‍ പങ്കെടുക്കില്ലായിരുന്നുവെന്ന്  അമല്‍ പറഞ്ഞു.

മഹീന്ദ്ര കമ്ബനി തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ഥാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4 നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്. പിന്നീട് ഡിസംബര്‍ 18ന് ഈ വാഹനം ദേവസ്വം ലേലത്തിന് വച്ചു. അന്ന് 15.10 ലക്ഷം രൂപ ലേലം വിളിച്ച്‌ പ്രവാസി മലയാളിയായ അമല്‍ മുഹമ്മദ് ആയിരുന്നു  സ്വന്തമാക്കിയത്. ആ ലേലത്തില്‍ ആളുകള്‍ പങ്കെടുത്തില്ലെന്നു കാണിച്ച് ലേലം ഉറപ്പിച്ചതിനെ ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്കിയിരുന്നു. ഇതോടെയാണ് പുനര്‍ലേലം ചെയ്യാന്‍ തീരുമാനിക്കുന്നത്. നിലവില്‍ ഈ വാഹനം സ്വന്തമാക്കിയത് പ്രവാസി മലയാളിയായ വിഘ്‌നേശ് വിജയകുമാര്‍ ആണ്. 43 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേശ് കഴിഞ്ഞ ദിവസം ഈ വാഹനം ലേലം വിളിച്ചെടുത്തത്

Leave a Comment