പരീക്ഷാഫലം വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലോകത്തോട് വിട പറഞ്ഞ് അശ്വതി; മകളുടെ മിന്നുന്ന വിജയം ആഘോഷിക്കേണ്ട വീട്ടില്‍ നിറകണ്ണുകളോടെ മാതാപിതാക്കള്‍

by Reporter

ചെള്ള് പനി ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്  മരിച്ച അശ്വതിയെ കുറിച്ചുള്ള വാര്‍ത്ത നമ്മള്‍ ഏവരും കണ്ടതാണ്. പത്താം ക്ലാസ് പരീക്ഷ എഴുതി റിസള്‍ട്ട് വരാന്‍ വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് അശ്വതിയെ മരണം കവര്‍ന്നെടുക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ആണ് കൊല്ലം പാരിപള്ളി മെഡിക്കല്‍ കോളേജില്‍ വച്ച്‌ വര്‍ക്കല സ്വദേശിനിയായ അശ്വതി എസ് എസ് ചെള്ള് പനി ബാധിച്ച് മരണപ്പെടുന്നത്. വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.  അയന്തി പന്തുവിള പറങ്കിമാംവിള വീട്ടില്‍ ഷാജി ദാസ്, അനിതകുമാരി എന്നിവരുടെ ഇളയ മകളാണ് ഈ 15 കാരി.  പത്താം ക്ലാസ് പരീക്ഷയില്‍ നേടിയ തന്‍റെ മികച്ച മികച്ച വിജയത്തെ കുറിച്ച്  അറിയാതെയാണ് അശ്വതി ഈ ലോകത്തു നിന്നും യാത്ര ആയത്.

റിസള്‍ട്ട് വരുന്ന സമയം അശ്വതി അവിടെ ഉണ്ടായിരുന്നെങ്കില്‍ ആ വിജയം ആഘോഷിക്കേണ്ട വീട്ടിലേക്കാണ് മരണ വാര്ത്ത തേടിയെത്തിയത്. ഇപ്പൊഴും മകളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്  അശ്വതിയുടെ ബന്ധുക്കളും മാതാപിതാക്കളും. ഉയര്ന്ന മാര്‍ക്ക് വാങ്ങി എസ്.എസ്. എല്‍.സി വിജയിക്കുമെന്ന് അശ്വതി നേരത്തെ തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു. അവള്‍ പറഞ്ഞത് പോലെ തന്നെ ഏഴു വിഷയത്തില്‍ എ പ്ലസും രണ്ടു വിഷയത്തില്‍ എയും ഒരു വിഷയത്തില്‍  ബി പ്ലസുമാണ് സ്വന്തമാക്കിയത്.

മകള്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത് വീടിനോട് ചേര്‍ന്നാണ്. മകള്‍ തന്ന വാക്ക് പാലിച്ചെങ്കിലും ഇനിയങ്ങോട്ട് ഒപ്പം മകള്‍ ഇല്ലന്ന സത്യം പിതാവ് ഷാജിക്കും മാതാവ് അനിതയ്ക്കും ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ തന്നെ മികച്ച വിജയം നേടിയെങ്കിലും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും തീരാ നോവായി മാറിയിരിക്കുകയാണ് അശ്വതിയുടെ ഈ വിടവാങ്ങല്‍.

Leave a Comment