പൊലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ പോലീസ് വാഹനത്തില്‍ അ​ഗതി മന്ദിരത്തിലാക്കി മകന്‍ മുങ്ങി

by Reporter

പൊലീസുകാരെ തെറ്റിദ്ധരിപ്പിച്ച്‌ തന്‍റെ സ്വന്തം അമ്മയെ വൃദ്ധ സദനത്തിലാക്കിയതിന് ശേഷം കടന്നു കളഞ്ഞ മകനെതിരെ പോലീസില്‍ പരാതി. വട്ടപ്പാറ കല്ലയം കാരാമൂട് അനിത വിലാസത്തില്‍ അജി കുമാറിനെതിരെയാണ് പരാതി ലഭിച്ചത്. അജികുമാറിനെതിരെ പോലീസില്‍ പരാതി നല്കിയത് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രമാണ്. രാത്രിയില്‍ റോഡരികില്‍  കണ്ടതാണ് ഒപ്പം ഉള്ള വയോധിക എന്നു പറഞ്ഞാണ് ഇയാള്‍ സസ്ഥാന പൊലീസിനെ പറ്റിച്ചത്.

ടാപ്പിങ് ജോലിക്കാരനായ ഇയാള്‍ 71 വയസുള്ള അമ്മയുടെ ഒപ്പം അടൂര്‍ ബൈപാസിനു അടുത്ത് വാടകയ്ക്കു താമസിച്ചു വരിക ആയിരുന്നു. കഴിഞ്ഞ 14 ആം തീയതി രാത്രിയോടെ  ഇയാള്‍ തന്‍റെ അമ്മയെ മിത്രപുരം ഭാഗത്തുള്ള റോഡില്‍ അമ്മയെ കൊണ്ടു നിര്‍ത്തി. അപ്പോള്‍ ആ വഴി വന്ന പൊലീസ് വാഹനത്തിന് കൈ കാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും ഒപ്പം ഉള്ള അ‍ജ്ഞാതയായ വയോധികയെ താന്‍ വഴിയില്‍ കണ്ടെതാണെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഇതോടെ പോലീസ് തന്നെ ഇവരെ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ എത്തിച്ചു.

പിന്നീട് 16 ആം തീയതി വൃദ്ധ സദനത്തിലേക്ക് ഒരു ഫോണ്‍ വന്നു.  വയോധികയെ ജനസേവന കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച ബിജുവാണെന്നും തനിക്ക് അവരെ ഒന്നു കാണണമെന്നും പറഞ്ഞ് ഇയാള്‍ അനുവാദം വാങ്ങി. പിന്നീട് മദ്യപിച്ചു വൃദ്ധ സദനത്തില്‍ എത്തിയ ഇയാള്‍ വയോധികയുടെ കൈവശമുള്ള രേഖകള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വയോധികയുടെ മകനാണെന്ന് കണ്ടെത്തുന്നത്. ഏതായലും ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പ്രായമാകുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന നിരവധി വയോധികര്‍ ഉള്ള നാടായി സാക്ഷര കേരളവും മാറുന്നു എന്നത് ഒരു നൊമ്പരപ്പെടുത്തുന്ന യഥാര്‍ഥ്യമാണ്. ഉപേക്ഷിക്കപ്പെടേണ്ടവരല്ല ചേര്‍ത്തു നിര്‍ത്തേണ്ടവരാണ് രക്ഷിതാക്കളെന്ന് നമ്മുടെ യുവ തലമുറ മനസ്സിലാക്കുന്ന കാലം വൈകാതെ സംജാതമാകും എന്നു പ്രത്യാശിക്കാം.


Leave a Comment