പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; സ്റ്റേഷനിലേക്ക് യുവ ജന സംഘടനയുടെ മാര്‍ച്ച്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

by Reporter

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്കി.  വടകര പൊലീസ് സ്റ്റേഷനില്‍ ആണ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത്.  ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ്പി ആയ ഹരിദാസിനാണ് അന്വേഷണത്തിന്‍റെ ചുമതല നല്കിയിരിക്കുന്നത്.   ഈ കേസിന്‍റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഉന്നത വൃത്തങ്ങളില്‍ നിന്നും അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ആയിരിക്കും മരണപ്പെട്ട സജീവന്‍റെ ഇന്‍ക്വസ്റ്റ് നടക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കല്ലേരി സ്വദേശി ആയ സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 42 വയസ്സായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതിന് ശേഷം ഇയാള്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീഴുക ആയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കൂടാതെ സജീവനെ പോലീസ് മര്‍ദിച്ചതായും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മുതല്‍ തന്നെ സജീവന് നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. ഇത് പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും അവര്‍ അത് കാര്യമാക്കിയില്ലെന്നും ഗ്യാസാണെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം സ്‌റ്റേഷനില്‍ തന്നെ ഇരുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സുഹൃത്തുക്കളുടെയൊപ്പം കല്ലേരി സ്വദേശി സജീവന്‍ വടകരയ്‌ക്കെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതോടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ പൊലീസ് എത്തി. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കി എന്നാരോപിച്ചാണ് സജീവനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച സജീവനെ  എസ്.ഐയും കോണ്‍സ്റ്റബിളും മര്‍ദിച്ചതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്നു നെഞ്ച് വേദന അനുഭവപ്പെട്ട സജീവന്‍ അത് പൊലീസിനോട് പറഞ്ഞെങ്കിലും അത് ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് അവര്‍ അത് കാര്യമാക്കിയില്ല. വേദന കൂടിയിട്ടു കൂടി സ്‌റ്റേഷനില്‍ തന്നെ ഇരുത്തി. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പോലും തയ്യാറായില്ല. 

ഈ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച്‌ സ്റ്റേഷനിലേക്ക് യുവ ജന സംഘടനായ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി.

Leave a Comment