ചവറ്റ്  കൂനയില്‍  കിടന്ന ദേശീയ പതാക,  സല്യൂട് നല്‍കി മടക്കിയെടുത്ത പൊലീസുകാരനു അഭിനന്ദന പ്രവാഹം; സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു അധികൃതര്‍

by Reporter

ചവറ്റ് കൂനയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട് നില്‍ക്കുന്ന ചിത്രം നവ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറി. ദേശീയ പതാകയ്ക്ക് സല്യൂട് കൊടുത്ത് ആദരിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ടി കെ അമലിനെ എറണാകുളം സിറ്റി പോലീസ് അഭിനന്ദനം അറിയിച്ചു. എര്‍ണാകുളം ഡിസിപിയാണ്  ഇദ്ദേഹത്തെ പ്രത്യേകമായി അഭിനന്ദിച്ചത്.

ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ടി കെ അമല്‍ വാഹനത്തില്‍ നിന്നും ഇറങ്ങി, ദേശീയ പദാകയ്ക്ക്  സല്യൂട് നല്‍കിയതിന് ശേഷം മാലിന്യത്തില്‍ നിന്ന് ദേശീയ പതാക മടക്കി എടുക്കുന്നതിന്റെ ചിത്രങ്ങളാണ് നവ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

മാലിന്യക്കൂനയില്‍ കിടന്ന ദേശീയ പതാകകള്‍ ഓരോന്നായി അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വ്വം മടക്കി എടുത്തു. അതേ സമയം അവിടെ ഉണ്ടായിരുന്ന ഒരു പ്രദേശ വാസി  വാര്‍ഡ് കൗന്‍സിലറോ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരോ എത്തിയിട്ട് എടുത്താല്‍ മതിയെന്ന് പറഞ്ഞെങ്കിലും, മറ്റൊരാള്‍ വരുന്നത് വരെ രാജ്യത്തിന്റെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയായ നടപടി അല്ലന്നു പറഞ്ഞ് അമല്‍ തന്നെ പതാകകള്‍ എല്ലാം വളരെ ഭംഗിയായി മടക്കി എടുത്ത് പൊലീസ് ജീപിലേക്ക് മാറ്റി.

സംഭവം വാര്ത്ത ആയതോടെ സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും അമലിന് അഭിനന്ദന പ്രവാഹമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മേജര്‍ രവി ഉള്‍പെടെയുള്ള പലരും നേരിട്ടെത്തി അമലിനെ അഭിനന്ദനം അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ തന്നെ ഈ വിവരം പൊലീസില്‍ അറിയിച്ചിട്ടും ഏറെ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയതെന്ന വിമര്‍ശനവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവര്‍ സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.  ദേശീയ പദാക അലക്ഷ്യമായി മാലിന്യത്തിന്‍റെ ഒപ്പം ഉപേക്ഷിച്ചവരെ കണ്ടെത്തി  നടപടി എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Comment