ആ എട്ടു വയസ്സുകാരിക്ക് നീതി; പെണ്‍കുട്ടിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും 1,75,000 രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവായി

by Reporter

എട്ടു വയസുകാരിയെയും പിതാവിനെയും നടുറോഡില്‍ വച്ച് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഉത്തരവായി.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് 1,50,000 രൂപയും ഒപ്പം കോടതി വ്യവഹാരത്തിന്റെ ചെലവുകള്‍ക്കായി 25,000 രൂപയും ഈടാക്കുന്നതിനു ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നും ഉണ്ടായ വ്യക്തിപരമായ വീഴ്ചയുടെ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരിന് ബാധ്യതയില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് പൊലീസ് ഉദ്യോഗസ്ഥ നഷ്ടപരിഹാരം നല്‍കണമെന്ന് സര്ക്കാര്‍ ആവശ്യപ്പെട്ടത്. നേരത്തെ തന്നെ കുട്ടിയെയും പിതാവിനേയും അവഹേളിച്ച കുറ്റത്തിന് പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നല്കണം എന്നതായിരുന്നു വിധി. ഈ പണം പൊലീസ് ഉദ്യോഗസ്ഥയുടെ പക്കല്‍ നിന്നും ഈടാക്കണമെന്നും കോടതി അറിയിച്ചിരുന്നു.  കുട്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്നും അധികാര ദുര്‍വിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിന് സര്‍ക്കാര്‍ അപ്പീല്‍ പോയി. ഇത് വലിയ വിവാദത്തിന് വഴി വച്ചിരുന്നു.  ഈ നടപടി ആണ് സര്‍ക്കാര്‍ പുനഃപരിശോധിച്ചത്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും ഈ തുക ഉദ്യോസ്ഥയില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രവുമല്ല ഒരു പൊലീസ് ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചക്കു നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ വന്നു. പിങ്ക് പൊലീസ് ജീപ്പില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് എട്ട് വയസ് കാരിയെയും പിതാവിനെയും പരസ്യമായി ആക്ഷേപിക്കുകയും വിചാരണ നടത്തുകയും ചെയ്തു എന്നതാണു കേസ്. പൊലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ പിന്നീട് അവരുടെ ബാഗില്‍ നിന്നും കണ്ടെത്തിയിരുന്നു.

Leave a Comment