ലേഡി സുകുമാരകുറുപ്പിന്റെ കഥ സിനിമയാകുമ്ബോള്‍; ആരാണ് ലേഡീ സുകുമാരക്കുറുപ്പ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡോ: ഓമന ?

by Reporter

ഒരു സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചു.  പിടികിട്ടാപ്പുള്ളിയായ ഡോക്ടര്‍ ഓമന ഈഡന്റെ കഥ സിനിമയാകുന്നു എന്നതായിരുന്നു ആ വാര്ത്ത. നവജിത് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ദീപക് വിജയനാണ്. ആറ് വര്‍ഷം കൊണ്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളൊക്കെ ചിത്രത്തില്‍ അണി നിരക്കും എന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. തമിഴിലും മലയാളത്തിലുമായാണ് ചിത്രം റിലീസ് ചെയ്യുക. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിലും അഭിനേതാക്കളുടെ വിവരങ്ങളും ഉടന്‍ തന്നെ പുറത്തുവിടുമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പുരുഷ സുഹൃത്തിനെ അതി ക്രൂരമായി വെട്ടി നുറുക്കി കൊലപ്പെടുത്തിയതിന് ശേഷം ഒളിവില്‍ പോയ ഓമനയെ 25 വര്‍ഷത്തോളം ആയിട്ടും ഇതുവരെ കണ്ടെത്താന്‍  പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ലേഡി സുകുമാരക്കുറുപ്പ് എന്നാണ് ഓമന അറിയപ്പെടുന്നത്.

1996 ജൂലൈ 11നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി മുരളീധരനെ ഡോക്ടര്‍ ഓമന അതി ക്രൂരമായി കൊലപ്പെടുത്തിയത്. ഊട്ടിയിലെ ലോഡ്ജില്‍ വച്ച് മയക്കു മരുന്ന് കുത്തി വച്ച് മയക്കിയതിന് ശേഷം രക്തം കട്ട പിടിക്കാനുള്ള മരുന്നും കുത്തി വച്ച ഓമന മുരളീധരനെ  വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.  പിന്നീട് ശരീരം വെട്ടി നുറുക്കി പല കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ച്‌ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് പിടിയില്‍ ആകുന്നത്. പിന്നീട് 2001 ല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഡോ. ഓമന തമിഴ്‌നാട് പോലീസിന്റെയും ഇന്റര്‍പോളിന്റെയും കണ്ണു വെട്ടിച്ച്‌ കഴിയുകയാണ്. മനുഷ്യ മനസാക്ഷിയെത്തന്നെ മരവിപ്പിച്ച ഈ കൊലപാതകം നടന്നിട്ട് ഇപ്പോള്‍ ഇരുപത്തിയാറ് വര്‍ഷം പൂര്‍ത്തിയാകുന്നു. ഓമന മരിച്ചെന്നു വാര്ത്ത വന്നിട്ടുണ്ടെങ്കിലും ഇതിന് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ല. 

Leave a Comment