സ്വന്തം പേരില്‍ ചെടിയുള്ള ഡിവൈ.എസ്.പി; ഒളിച്ചിരിക്കുന്ന ചെടികളെയും ഇദ്ദേഹം കണ്ടെത്തും

by Reporter

‘ടൈലോഫോറ ബാലകൃഷ്ണാനി’ എന്ന പേരില്‍ എന്തോ പ്രത്യേകത ഉണ്ടെന്ന് അത് കേള്‍ക്കുന്ന ആര്‍ക്കും തോന്നുക സ്വഭാവികമാണ്. എവിടെയോ ഒരു മലയാളിത്തം. ഈ പേരിനു പിന്നിലെ കാരണം അന്വേഷിച്ച് പോകുമ്പോഴാണ് അതിനു പിന്നില്‍ മറഞ്ഞിരിക്കുന്നത് ഒരു മലയാളി ആണെന്ന സത്യം മനസ്സിലാവുക. അദ്ദേഹം ഒരു  ഒരു ഡിവൈ.എസ്.പിയാണ്.  ഡോ.വി.ബാലകൃഷ്ണനേന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്.

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈ.എസ്.പി ഡോ.വി.ബാലകൃഷ്ണന്‍ പാട്ടാളിയുടെ പേരിലാണ് കാസര്‍കോട് കൂവപ്പാറയില്‍ നിന്നും കണ്ടെത്തിയ ജല സസ്യം അറിയപ്പെടുന്നത്. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ മുന്‍ മേധാവിയും ജൈവവൈവിധ്യ ബോര്‍ഡ് മെമ്ബര്‍ സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയപ്പോഴാണ് ഇദ്ദേഹം ഈ ചെടി കണ്ടെത്തിയത്. ബാലകൃഷ്ണന്‍ കണ്ടെത്തിയ ചെടിക്ക് അദ്ദേഹത്തിന്റെ പേര് തന്നെ നല്കുക ആയിരുന്നു ഗവേഷകര്‍. പശ്ചിമ ഘട്ടത്തിലുള്ള  ചെങ്കല്‍ സമതലങ്ങളിലെ കുളങ്ങളില്‍ മാത്രം കണ്ടു വരുന്ന ഈ ജലസസ്യം കണ്ടെത്തിയത് സസ്യശാസ്ത്രത്തില്‍ പി.എച്ച്‌.ഡിയുള്ള ഈ പോലീസ് ഉദ്യോഗസ്ഥനാണ്.

‘ടൈലോഫോറ നെഗ്ലെക്ട’എന്ന മറ്റൊരു സസ്യത്തെയും ഇദ്ദേഹം ഉള്‍പ്പെടുന്ന സംഘം കണ്ടെത്തിയിരുന്നു. വെള്ളയും പിങ്കും ഇടകലര്‍ന്ന  പൂക്കള്‍ ഉണ്ടാവുന്ന ഈ സസ്യം കണ്ടെത്തിയത് കൊല്ലം ജില്ലയില്‍ നിന്നാണ്. ഇദ്ദേഹം കണ്ടെത്തിയ രണ്ടു സസ്യങ്ങളെയും സംരക്ഷിക്കേണ്ട സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചന്‍ എം.സലിം, ജയേഷ് പി.ജോസഫ്, എം.എം.ജിതിന്‍, ആലപ്പുഴ എസ്.ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം പ്രഫസറും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം എസ് എന്‍ കോളജിലെ ഗവേഷകന്‍ ഡോ. റെജി യോഹന്നാന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്കിയത്.

ഡോ.ബാലകൃഷ്ണന്‍ കഥകളി ആചാര്യനായിരുന്ന നാട്യരത്നം കണ്ണന്‍ പാട്ടാളിയുടെ മകനാണ്. പിതാവിന്റെ പേരിലുള്ള കഥകളി ട്രസ്റ്റ് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കഥകളിയുടെ പ്രചാരത്തിനായി പരിപാടികള്‍ ആവതരിപ്പിക്കുന്നുണ്ട്.  

Leave a Comment