75 വര്‍ഷത്തിനു ശേഷം റീ​ന ഛിബ്ബ​ര്‍ വീട്ടില്‍ മടങ്ങിയെത്തി; മടങ്ങി വരവ് ആഘോഷമാക്കി 90കാരി

by Reporter

90 വയസ്സുള്ള റീന ഛിബ്ബര്‍ വര്‍മ നീണ്ട 75 വര്‍ഷത്തിനു ശേഷം പാകിസ്താനിലുള്ള തന്റെ പഴയ വീട്ടില്‍ തിരികെ എത്തിയ സന്തോഷത്തിലാണ്. ഇന്ത്യാ പാക് വിഭജന വിഭജന സമയത്താണ് റീനക്ക് പാകിസ്താനിലുള്ള തന്റെ വീട് ഉപേക്ഷിച്ചു പോകേണ്ടി വന്നത്. മൂന്നു മാസത്തെ വിസ പാകിസ്താന്‍ നല്കിയതിനാലാണ് വാഗ – അട്ടാരി അതിര്‍ത്തി വഴി ജൂലൈ 16നു  റീന ഛിബ്ബര്‍ വര്‍മ ലാഹോറില്‍ എത്തുന്നത്.

ലാഹോറില്‍ എത്തിയ അവര്‍ ആദ്യം പോയത് റാവല്‍ പിണ്ടിയിലുള്ള തന്റെ പഴയ തറവാട്ടു വീട്ടിലേക്കായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ ‘പ്രേം നവാസ് മഹല്ല’ യില്‍ എത്തി. വലിയ വരവേല്‍പ്പാണ് ഇവര്‍ക്ക് നാട്ടുകാര്‍ നല്‍കിയത്. വാദ്യ ഘോഷത്തോടെയും പുഷ്പ വൃഷ്ടി അര്‍പ്പിച്ചുമാണ് അവര്‍ പഴയ സുഹൃത്തിനെ സ്വീകരിച്ചത്. ആ സന്തോഷത്തില്‍ മതിമറന്ന് അവര്‍ എല്ലാവരും ഒരുമിച്ചു കൂടി നൃത്തം ചെയ്തു.

15 വയസ്സു പ്രായം ഉള്ളപ്പോള്‍ ആണ് റീന ഛിബ്ബര്‍ വര്‍മ ഇന്ത്യയിലേക്കു പറിച്ചു നടപ്പെടുന്നത്.  പിന്നീട് പൂനയില്‍ താമസമാക്കിയ അവര്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ തറവാട്ടു വീടിന്റെ ഓരോ മൂക്കും മൂലയും നോക്കി നടന്നു കണ്ടു. വീടിന്‍റെ  രണ്ടാം നിലയിലെ മുറികളെല്ലാം വളരെ ആവേശത്തോടെ നോക്കിക്കണ്ടു. വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന്  പാട്ടുകള്‍ പാടി, തന്‍റെ കുട്ടിക്കാലം ഓര്‍ത്ത് അവര്‍ കരഞ്ഞു. താന്‍ ഒരിയ്ക്കലും മറ്റൊരു രാജ്യത്തു നിന്നുള്ള ഒരു വ്യക്തി ആണെന്ന് തോന്നുന്നില്ല. രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ആളുകള്‍ തമ്മില്‍ വളരെയധികം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ എന്നും ഒന്നായി തുടരണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment