നീണ്ട എട്ടു വര്‍ഷത്തിനുശേഷം അവശനായ കൊല്ലം സ്വദേശി നാട്ടിലേക്ക് മടങ്ങി എത്തുന്നു; ദുരിതം മാത്രം സമ്മാനിച്ച പ്രവാസത്തിന് ഇതോടെ അന്ത്യമാകുന്നു

by Reporter

മാറാ രോഗങ്ങളും നിയമപരമായ പ്രശ്നങ്ങളും മൂലം ദുരിതം അനുഭവിച്ചു വന്നിരുന്ന മലയാളി നീണ്ട എട്ടു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് തിരികെ എത്തുകയാണ്. പ്രമേഹം ഉയര്ന്ന നിലയില്‍ ആയതിനാല്‍ അവശ നിലയിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി റാഫിയാണ്  ഖമീസ് മുശൈത്തിലുള്ള ഒരു കൂട്ടം മലയാളികളുടെ പരിശ്രമത്തിനൊടുവില്‍ നാട്ടിലേക്ക് തിരിച്ചത്.

15 വര്‍ഷമായി പ്രവാസ ജീവിതം അനുഷ്ഠിക്കുന്ന റാഫി കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ല. ഒളിച്ചോടിയെന്ന് കാണിച്ച്‌ പാസ്​പോര്‍ട്ട് ഡയറക്ടറേറ്റിന് പരാതി പോയതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഒളിച്ചോടിയെന്ന കേസില്‍ പെടുത്തുക ആയിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങി പോകാന്‍ കഴിയാത്ത വിധം നിയമക്കുരുക്കില്‍ അകപ്പെട്ട് പോയി അദ്ദേഹം.

പ്രമേഹ രോഗി ആയിരുന്ന റാഫിക്കു  ഇതിനിടെ പ്രമേഹം മൂര്‍ശ്ചിച്ചു. കാലില്‍ പഴുപ്പ് ബാധിച്ച്‌ മുറിവ് ഉണങ്ങാത്ത സ്ഥിതിയിലായി. ഇതോടെ  നാട്ടില്‍ പോയി വിദഗ്ധ ചികിത്സക്കു വിധേയനാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. നാട്ടില്‍ പോകാനുള്ള  പല ശ്രമങ്ങളും നടത്തിയെങ്കിലും നിയമക്കുരുക്കുകള്‍ തടസ്സമായി മാറി. റാഫിയുടെ സ്ഥിതി മനസ്സിലാക്കിയ ഹൈദര്‍ തൃശൂര്‍, പ്രസാദ് നാവായിക്കുളം എന്നിവര്‍ ചേര്‍ന്ന് ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിഡന്‍റും ജിദ്ദ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫയര്‍ മെംബറുമായ അഷ്റഫ് കുറ്റിച്ചലിനോട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹം മുഖേന നാടുകടത്തല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട എക്സിറ്റ് ലഭിച്ചു. പിന്നീട് വിമാന ടിക്കറ്റിനും നാട്ടില്‍ എത്തിയാല്‍ ചികിത്സിക്കുന്നതിനുള്ള പണവും  വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ചില അഭ്യൂദയ കാംഷികളും ചേര്‍ന്ന് സമാഹരിച്ച്‌ നല്‍കി.

അന്‍സാദ് കുന്നിക്കോട്, വിജയന്‍ മാവേലിക്കര, സെയ്ദ് തിരുവനന്തപുരം, സുഭാഷ് ഓച്ചിറ, മുജീബ് കരുനാഗപ്പള്ളി, സെയ്ദ് അലവി ചിറയിന്‍കീഴ്, ശ്യാം കൊല്ലം,  അക്ബര്‍ പുന്നല, കരീം കരുനാഗപ്പള്ളി, എന്നിവരുടെ കൂട്ടായ ശ്രമം മൂലമാണ് വേഗം  നാട്ടിലേക്ക് പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. റാഫിക്ക് ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്.

Leave a Comment