കാണാതായ പോപ്പി ക്ലാസ് മുറിയുടെ മുന്നില്‍; സ്‌കൂള്‍ മുറ്റത്തെ കുര കേട്ട് ഞെട്ടി ആര്‍ദ്ര;

by Reporter

ആര്‍ദ്രയെന്ന പത്താം ക്ലാസ് കരിയും അവളുടെ പോപ്പി എന്ന നായയും ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ താരങ്ങളാണ്.  ക്ലാസ് മുറിക്ക് പുറത്തു നിര്‍ത്താതെയുള്ള കുര കേട്ടാണ് ആര്‍ദ്ര ബിനോയി ക്ലാസ് മുറിയുടെ വാതിലില്‍ എത്തി നോക്കുന്നത്. അവിടെ പോപ്പിയെ കണ്ട ആര്‍ദ്ര ശരിക്കും ഞെട്ടി.

കാണാതായ തന്റെ പ്രിയപ്പെട്ട ‘പോപ്പി’ എന്ന അരുമ നായ  ക്ലാസ് മുറിയുടെ മുന്നില്‍  നില്‍ക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ അവള്‍ ഒന്നു പരുങ്ങി. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് അധ്യാപകരും കുട്ടികളും അനാധ്യാപകരും അവിടേയ്ക്കെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ അപൂര്‍വ്വ സംഗമം നടന്നത്.

ഏതാനം ദിവസ്സങ്ങള്‍ക്ക് മുന്‍പാണ് പോപ്പിയെ അമയന്നൂര്‍ കൊട്ടുവിരുത്തിയില്‍ വീട്ടില്‍ നിന്നും കാണാതാകുന്നത്. എന്നും സ്കൂളിലേക്കുള്ള യാത്രയില്‍  ആര്‍ദ്രയുടെ ഒപ്പം അമയന്നൂര്‍ കവലയിലെ ബസ് സ്റ്റോപ്പ് വരെ പോപ്പിയും ഉണ്ടാകും. ആര്‍ദ്ര ബസില്‍ കയറി പോകുമ്പോള്‍  പോപ്പി തിരിച്ചു വീട്ടില്‍ പോകും. എന്നാല്‍ മൂന്നു ദിവസം മുന്‍പ് ഇങ്ങനെ പോയ പോപ്പി പിന്നീട് വീട്ടില്‍ തിരിച്ച് എത്തിയില്ല. വൈകുന്നേരം ആയിട്ടും പോപ്പിയെ  കാണാതായതോടെ വീട്ടുകാര്‍ പരിഭ്രമിച്ചു.

അമ്മ അജിമോള്‍ ബിനോയിയും, അച്ഛന്‍ ബിനോയ് ജോസഫും പോപ്പിയെ എല്ലായിടത്തും തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം. മൂന്നു ദിവസം പോപ്പിയെ കുറിച്ചുള്ള ഒരു വിവരവും കിട്ടിയില്ല. ഒടുവില്‍  നാലാം ദിവസം ഏവരെയും അമ്പരപ്പിച്ച് ക്ഷീണിച്ച് അവശനായി  മണര്‍കാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ആര്‍ദ്രയെ തിരഞ്ഞു പോപ്പി എത്തി. ആര്‍ദ്രയുള്ള 10 സി ക്ലാസിന്റെ മുന്നിലെത്തി നിര്‍ത്താതെ കുരച്ചു. ആര്‍ദ്രയുടെ കാണാതായ നായയാണ് അവിടെ എത്തിയതെന്നറിഞ്ഞപ്പോള്‍ അവിടെ കൂടിയവര്‍ക്കെല്ലാം വല്ലാത്ത ആശ്ചര്യം. ഇരുവരുടെയും കൂടിക്കാഴ്ച്ചയും സ്‌നേഹപ്രകടവും അവിടെ കൂടി നിന്നവര്‍  ഫോണില്‍ പകര്‍ത്തി.

ആര്‍ദ്ര ഉടന്‍തന്നെ  വീട്ടില്‍  വിളിച്ച്‌ വിവരം പറഞ്ഞു. ഉടന്‍ തന്നെ അച്ഛന്‍ ബിനോയി സ്‌കൂളിലെത്തി  ഓട്ടോയില്‍ കയറ്റി പോപ്പിയെ വീട്ടില്‍ കൊണ്ട് പോയി. വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേയ്ക്ക് പോപ്പി എങ്ങനെ എത്തി എന്നത് ഇപ്പൊഴും ഒരു അത്ഭുതമാണ്.

Leave a Comment