‘ഈ തേങ്ങയിലാണ് കാര്യം’, വീടുവയ്ക്കാന്‍ തുടങ്ങുമ്ബോള്‍ ആദ്യം വിളിക്കുന്നത് ഹരിസിനെ; ഈ വിശ്വാസ്യതയ്ക്ക് ഇരുപതിനായിരത്തിലധികം പേര്‍ സാക്ഷ്യം പറയുന്നു

by Reporter

കയ്യില്‍ ഒരു പൊതിച്ച തേങ്ങയും പിടിച്ചു മലപ്പുറം മുണ്ടുപറമ്ബിലെ റിട്ട. പ്രധാനാദ്ധ്യാപകനായ  കലയത്ത് മുഹമ്മദ് ഹാരിസ് നടക്കും,​ ഭൂമിക്കടിയില്‍ വെള്ളമുള്ള സ്തലമെത്തുമ്പോള്‍ തേങ്ങ കയ്യില്‍ നിന്നും ഇളകി താഴെ വീഴും.

ഇങ്ങനെയാണ് മുഹമ്മദ് ഹാരിസ് കിണറിന് സ്ഥാനം കണ്ടെത്തുന്നത്. തിരുവനന്തപുരം തൊട്ട് കാസര്‍കോട് വരെ 20,​000ത്തോളം കിണറുകള്‍ക്ക് ഇദ്ദേഹം സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തന്നെ ആരൊക്കെ കിണറിന്റെ സ്ഥാനം നോക്കാന്‍ വിളിച്ചിട്ടുണ്ടോ അവരുടെയൊക്കെ ഫോണ്‍ നമ്ബറുകള്‍ 22 നോട്ട്ബുക്കുകളിലാക്കി ഇദ്ദേഹം സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. ശാസ്ത്രചിന്തകള്‍ എന്നു പേരുള്ള ഒരു പുസ്തകത്തില്‍ നിന്നാണ് തേങ്ങ ഉപയോഗിച്ച് കിണറിന് സ്ഥാനം കണ്ടെത്തുന്ന രീതി ഹാരിസ് ആദ്യമായി മനസ്സിലാക്കുന്നത്. സംഭവത്തില്‍ വല്ലാത്ത കൗതുകം തോന്നിയ അദ്ദേഹം ഇതൊന്നു പരീക്ഷിച്ചു നോക്കാന്‍ തീരുമാനിച്ചു.

സ്വന്തം വീട്ടിലെ കിണറിനാണ് ഹാരിസ് ആദ്യമായി സ്ഥാനം കാണുന്നത്. അത് വിജയമായിരുന്നു. കിണറ്റില്‍  വെള്ളം കണ്ടെന്നറിഞ്ഞതോടെ നാട്ടിലെ പലരും ഹാരിസിനെക്കൊണ്ട് കിണറിന് സ്ഥാനം നോക്കാന്‍ വിളിച്ചു. ഹാരിസ് നോക്കിയ എല്ലായിടത്തും വെള്ളം കണ്ടെത്തിയതോടെ അദ്ദേഹം അന്നാട്ടില്‍ വളരെ പ്രശസ്ഥനായി. ഇപ്പോള്‍ ഒരു ദിവസം എട്ട് കിണറുകള്‍ക്കെങ്കിലും ഇദ്ദേഹം സ്ഥാനം നോക്കാറുണ്ട്. ചിലര്‍ക്ക് തേങ്ങ വച്ച്‌ നോക്കുമ്ബോള്‍ വിശ്വാസം ഉണ്ടാകത്തതുകൊണ്ട് ജലസാന്നിദ്ധ്യമറിയുന്ന, ഒന്നര ലക്ഷം രൂപയുടെ പൂള്‍ ഫൈന്‍ഡര്‍ മെഷീന്‍ അദ്ദേഹം വാങ്ങി. ചിലര്‍ക്ക്  മെഷീനിലും സ്ഥാനം കാണും. വെള്ളമുള്ള സ്ഥലമെത്തുമ്പോള്‍ മെഷീന്‍ ബീപ്പ് ശബ്ദമുണ്ടാക്കും.

ഭൂമിക്കടിയില്‍ വെള്ളത്തിന് ചലനമോ ഒഴുക്കോ ഉള്ള സ്ഥലത്ത് എത്തിയാല്‍ മാത്രമേ തേങ്ങ ഇളകുകയുള്ളൂ. വെള്ളം കടന്നുപോകുന്ന പൈപ്പിനടുത്ത് നിന്നാല്‍പ്പോലും തേങ്ങ ഇളകി വീഴും. സ്ഥാനം കണ്ടെത്തുന്നതിന് ഉള്ളില്‍ വെള്ളം ഉള്ള നന്നായി കുലുങ്ങുന്ന തേങ്ങയാണ് ഉപയോഗിക്കാറുള്ളതെന്ന് ഹാരിസ് പറയുന്നു. അതിലൂടെ മാത്രമേ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ കഴിയൂ. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ സ്ഥാനം നിര്‍ണ്ണയിച്ച്‌ വെള്ളം കാണാതെ പോയ സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്ഥാനം നോക്കാനായി പ്രത്യേകമായ  ഫീസൊന്നും ഇദ്ദേഹം ഈടാക്കാറില്ല.

Leave a Comment