ഗുജറാത്തിലെ പാടത്തു സെറ്റിട്ട് ട്വന്റി20 മത്സരം നടക്കുന്നതായി ചിത്രീകരിച്ചു റഷ്യന്‍ വാതുവയ്പുകാരെ പറ്റിച്ചു; സിനിമയെ വെല്ലുന്ന തട്ടിപ്പ്

by Reporter

ഗുജറാത്തിലെ ഒരു പാടത്തു സെറ്റിട്ടതിന് ശേഷം  ട്വന്റി20 മത്സരം നടക്കുന്നതായി ചിത്രീകരിച്ചു റഷ്യന്‍ വാതുവയ്പുകാരെ പറ്റിച്ചു എന്ന വാര്ത്ത ആരിലും അമ്പരപ്പ് ഉളവാക്കുന്നതാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പോലും സംശയിച്ചേക്കാം. എന്നാല്‍ സംഭവം സത്യമാണ്, ഗുജറാത്തിലാണ് ഇത് നടന്നത്. മെഹ്സാനയിലെ പോലീസാണ് ഈ ‘ക്രിക്കറ്റ് കുംഭകോണം’ വെളിച്ചത്തു കൊണ്ട് വന്നത്. ഷൊയ്ബ് ദവ്ദ എന്നയാളിന്‍റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ ഒപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

അഹമ്മദാബാദില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയുള്ള മെഹ്സാനയിലെ മോളിപൂര്‍ ഗ്രാമത്തിലാണ് ഇന്നോളം കേട്ടിട്ടില്ലാത്ത ഈ സംഭവം നടന്നത്. ഒരു കൃഷിസ്ഥലം വാടകയ്ക്കെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ട് പോലെ സെറ്റ് ഇട്ടാണ് തട്ടിപ്പ് നടത്തിയത്. കൂടുതല്‍ ‘ഒറിജിനാലിറ്റി’കൈ വരിക്കുന്നതിനായി ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചു. ഐപിഎല്ലിലെ പോലെ ആണ് ടീമുകളെ തിരഞ്ഞെടുത്തതും. ഈ ടീമുകളില്‍ കളിക്കുന്നതിന് ദിവസ വേതനക്കാരായി ആളുകളെയും നിയമിച്ചു. ഇന്ത്യയിലെ വലിയ ലീഗ് ആണ് ഇത് എന്ന നിലയില്‍ യൂട്യൂബില്‍ ഇത് തത്സമയം സംപ്രേഷണം ചെയ്താണ് അവര്‍ റഷ്യയിലുള്ള വാതുവെപ്പുകാരെ പറ്റിച്ചത്. ഐപിഎല്‍ പോലുള്ള ഒരു വലിയ ലീഗാണെന്ന് തെറ്റിദ്ധരിച്ചു റഷ്യക്കാര്‍ വാതുവെപ്പ് ആരംഭിക്കുകയും ചെയ്തു. കൂടാതെ റഷ്യയില്‍ നിന്ന് വാതുവെപ്പിന്‍റെ വിവരങ്ങള്‍ കളി നടക്കുന്ന സ്ഥലത്തേക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ ഗെയിമില്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പ് നടത്തിയത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് റഷ്യയില്‍ നിന്ന് മെഹ്സാനയില്‍ തിരികെ എത്തിയ ഷൊയ്ബാണ് ഇതിന്‍റെ പിന്നിലുള്ള മാസ്റ്റര്‍ ബ്രയിനെന്ന് പൊലീസ് പറഞ്ഞു. ഷൊയ്ബ് വാതുവെപ്പിന് കുപ്രസ്സിദ്ധി നേടിയ റഷ്യയിലെ ഒരു പബ്ബിലെ ജീവനക്കാരനായിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ട ആസിഫ് മുഹമ്മദിന്‍റെ ഉപദേശമനുസരിച്ചാണ് ഐപിഎല്ലിന്‍റെ മാതൃകയില്‍ തട്ടിപ്പ് ലീഗ് നടത്താന്‍ പ്ലാന്‍ ചെയ്തത്. ‘സെഞ്ച്വറി ഹിറ്റേഴ്സ് ടി 20’ എന്നാണ് മത്സരങ്ങള്‍ക്ക് പേരിട്ടത്. ചെന്നൈ ഫൈറ്റേഴ്സ്, ഗാന്ധിനഗര്‍ ചലഞ്ചേഴ്സ്, പലന്‍പൂര്‍ സ്പോര്‍ട്സ് കിംഗ്സ് എന്നീ പേരുകളാണ് ടീമുകള്‍ക്കു നല്‍കിയത്.

Leave a Comment