തെലങ്കാനയില്‍ പെയ്തത് ജന്തുമഴ; ആകാശത്ത് നിന്നും വീണത് ചെറുമീനുകളും ഞണ്ടുകളും ; നവ മാധ്യമങ്ങളില്‍ വൈറലായ വീഡിയോക്ക് പിന്നില്‍

by Reporter

പല തരം മഴകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്,  ആസിഡ് മഴ, കളര്‍ മഴ അങ്ങനെ പലതും. എന്നാല്‍ മഴയോടൊപ്പം ഭക്ഷ്യ യോഗ്യമായ മത്സ്യങ്ങള്‍ കൂടി ഉണ്ടെങ്കിലോ. ഇത്തരം വേറിട്ടൊരു മഴയ്ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച തെലങ്കാനയിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. അവിടെ പെയ്ത മഴയെ  ജന്തുമഴ എന്നു വിളിക്കാം. ആകാശത്ത് നിന്നും വീണത് വിവിധ തരം ഞണ്ടുകളും മീനുകളുമൊക്കെ ആയിരുന്നു. ഇത് കണ്ട് ആദ്യം ഒന്നു അംബരന്നെങ്കിലും പിന്നീട്  എല്ലാവരും മീനുകള്‍ പാത്രത്തില്‍ വാരിക്കൂട്ടാന്‍ തുടങ്ങി. ചിലരാകട്ടെ പേടിച്ച് വീടിനകത്തേക്ക് ഓടിക്കയറി.

ജഗ്തിയാല്‍ പട്ടണത്തിനടുത്തുള്ള സായ് നഗറില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ഇത്തരത്തില്‍ ഒരു അത്ഭുത പ്രതിഭാസം ഉണ്ടായത്. ആകാശത്ത് നിന്ന് ഭക്ഷ്യ യോഗ്യമായ ജല ജീവികള്‍ മഴയായി പെയ്തിറങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരും ഭയന്നു. പിന്നീട് ചിലര്‍ ധൈര്യത്തോടെ മുന്നോട്ട് വന്നു മീനുകളെ പാത്രത്തില്‍ പിടിച്ചു. മറ്റ് ചിലരാകട്ടെ ഇത്തരത്തില്‍ വന്ന മീനുകളെ പിടിച്ച്‌ കുളത്തില്‍ വിട്ടു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ നവ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വാട്ടര്‍ സ്പൗട്ടിംഗ് ആണ് ഈ അത്ഭുത പ്രതിഭാസത്തിന് കാരണം. കടലില്‍ നിന്നു വെള്ളം ഉയര്‍ന്നു പൊങ്ങുന്ന പ്രതിഭാസത്തെയാണ് വാട്ടര്‍ സ്പൗട്ട് എന്നു വിളിക്കുന്നത്. ആകാശത്ത് നിന്നു മിന്നലിന്‍റെ രൂപത്തില്‍ ഒരു ഫൗണ്ടന്‍ പോലെ തോന്നുന്ന മേഘപാളി കടലിലേക്ക് വീഴും. ഇതോടെ കടല്‍ ഇളകി മറിയും. തുടര്‍ന്നു കടലിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളവും ഒപ്പം ആ ഭാഗത്തെ ജലജീവികളും ഉയരത്തില്‍ പൊങ്ങും.

കടലില്‍ നിന്നും ഇങ്ങനെ ഉയര്‍ന്നു പൊങ്ങുന്ന വെള്ളത്തില്‍ മത്സ്യങ്ങളും ചെറു ജീവികളും ഉണ്ടാകും. പിന്നീട് കാറ്റിന്റെ സഹായത്തോടെ ഈ മത്സ്യങ്ങള്‍ കിലോമീറ്ററുകളോളം സഞ്ചരിക്കും. പക്ഷേ ദൂരം കൂടുന്നതുനുസരിച്ച് മര്‍ദ്ദത്തിന്റെ ശക്തി കുറയും. ഇതോടെ ഇവ വീണ്ടും ഭൂമിയിലേക്ക് പതിക്കാന്‍ തുടങ്ങും. മഴയുടെ ഒപ്പമാണ് ഇത് ഭൂമിയിലെത്തുക. ശക്തമായ കാറ്റിനൊപ്പമാണ് ഇത്തരത്തില്‍ മത്സ്യങ്ങള്‍ താഴേക്ക് പതിക്കുന്നത്.

Leave a Comment