ഈ നാട്ടില്‍ പുലയന്‍മാര്‍ക്കും ജീവിയ്ക്കണ്ടേ?’ ജാത്യാധിക്ഷേപം സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത സംഗീതയുടെ അമ്മ; പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

by Reporter

ഭര്‍തൃവീട്ടുകരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത സംഗീതയുടെ മരണത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഗീതയുടെ ഭര്‍ത്താവ് സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തത്. ഭര്‍ത്താവ് സുമേഷ് കീഴടങ്ങിയത് ഇന്നലെയാണ്. സംഗീത മരണപ്പെട്ട് 42 ദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവിന്റെ വീട്ടുകരില്‍ നിന്നും നേരിട്ട ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് സംഗീതയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രതിഷേധം കൂടുതല്‍ ശക്തമായതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ അറസ്റ്റ് വൈകിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി  രംഗത്തു വന്നിരുന്നു. ഇതോടെയാണ്  പോലീസ് നടപടി സ്വീകരിച്ചത്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനൊപ്പം സ്ത്രീധന പീഡനം പട്ടികജാതി-വര്‍ഗ അതിക്രമ കുറ്റങ്ങളുമുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ സംഗീതയുടെ അമ്മയും സഹോദരിയും ബന്ധുക്കളും സ്‌റ്റേഷനിലെത്തിയിരുന്നു. ഇത് വൈകാരിക മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിച്ചത്. പുലയന്‍മാര്‍ക്കും ഇവിടെ ജീവിയ്ക്കണ്ടേ.. നിങ്ങളേപ്പെലെ മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഞങ്ങള്‍.. സംഗീതയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

2020 സെപ്റ്റംബറിലാണ് തൃശൂര്‍ സ്വദേശിയായ സുമേഷും സംഗീതയും വിവാഹിതരാകുന്നത്. പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ വിവാഹിത ആയതിന് ശേഷം സുമേഷിന്‍റെ വീട്ടില്‍ എത്തിയതോടെ കുടുംബാംഗങ്ങളില്‍ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു. ജാതിയുടെ പേരിലും,  സ്ത്രീധനം കിട്ടിയില്ലന്നു പറഞ്ഞും അവര്‍ സംഗീതയെ ആക്ഷേപിച്ചു. ഭര്‍തൃ വീട്ടിലെ കസേരയില്‍ ഇരിയ്ക്കുന്നതിനുപോലും സംഗീതയെ അനുവദിച്ചില്ല. ഭക്ഷണം കഴിയ്ക്കുന്നതിന് പ്രത്യേക പാത്രവും വെള്ളം കുടിയ്ക്കാന്‍ ഗ്ലാസുമൊക്കെ നല്കി. വീട്ടുകാരുടെ ഭാഗത്ത് നിന്നുമുള്ള പീഡനം കൂടിയതോടെ സുമേഷും സംഗീതയും കൊച്ചിയിലെ വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍  സ്ത്രീധനത്തിന്റെ പേരിലുള്ള സമ്മര്‍ദ്ദം അപ്പോഴും തുടര്‍ന്നു. സ്ത്രീധനം നല്‍കാത്ത പക്ഷം  ബന്ധം ഒഴിയുമെന്ന് സുമേഷ് ഭീഷണിപ്പെടുത്തി. ഒടുവില്‍ പീഡനം സഹിക്കാനാവാതെ സംഗീത ജീവനൊടുക്കുകയായിരുന്നു.

Leave a Comment