കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍  കുട്ടിയുമായി വനത്തിനുള്ളില്‍  കയറിയ കേസ്; വ്‌ളോഗര്‍ അമലയുടെ വാഹനം  കണ്ടെത്തി; നിയമക്കുരുക്കുകള്‍ ഏറെ

by Reporter

കൊല്ലം ജില്ലയിലുള്ള മാമ്ബഴത്തറ റിസര്‍വ് വനത്തിനുള്ളില്‍ അനധികൃതമായി കയറി ഡ്രോണ്‍ ഉപയോഗിച്ച് ആനയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത വ്‌ളോഗര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടികൂടി.

ഇവരുടെ വാഹനം കസ്റ്റഡിയില്‍ എടുത്തത് കിളിമാനൂരില്‍ നിന്നുമാണ്. അതേ സമയം സംഭവം വിവാദമായതോടെ ഒളിവില്‍പ്പോയ അനുവിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസെടുത്ത ഉടന്‍ ഒളിവില്‍പ്പോയ അനുവിനെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്. വനത്തില്‍ അതിക്രമിച്ച് കയറിയ കുറ്റം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അനു അതിനു തയ്യാറായില്ല. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയത്.  

വ്ളോഗര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ദുശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടി വ്‌ളോഗര്‍ റിസര്‍വ്ഡു വനത്തില്‍ അതിക്രമിച്ചു കയറിയെന്നാണ് വനം വകുപ്പ് ആരോപിക്കുന്നത്. വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്‌ട് എന്നിവ ചുമത്തിയാണ് വ്ളോഗറുടെ മേല്‍ വനം വകുപ്പ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ട് മാസം മുന്‍പ് മാമ്ബഴത്തറയില്‍ എത്തിയ അമല, തന്‍റെ കൈവശം ഉണ്ടായിരുന്ന ഹെലിക്യാം ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹെലിക്യാം കണ്ടതോടെ കാട്ടാന വിരണ്ടോടുന്നതും  ദൃശ്യങ്ങളില്‍ കാണാം. ഇതോടെ ഈ ചിത്രീകരണം വലിയ വിവാദമായി മാറി.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയതിന് ബാലാവകാശ കമ്മിഷനോട് നടപടിയെടുക്കണമെന്ന് കാണിച്ച് വനം വകുപ്പ് കത്ത് നല്‍കും. വനം വന്യജീവി നിയമമനുസരിച്ച് ഇത്തരത്തിലുള്ള ചിത്രീകരണത്തിനും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. അല്ലാതെയുള്ള പ്രവര്‍ത്തികള്‍ കുറ്റകരമാണ്.

Leave a Comment