അവരെല്ലാവരും കൂടി നടത്തുന്ന ഗൂഢാലോചന ആണിതെന്ന് പിന്നീടാണ് തോന്നിത്തുടങ്ങിയത്. ആലുവ വഴി പോയപ്പോള്‍ ജയിലില്‍ കയറാന്‍ തോന്നിയവര്‍ക്ക് തൃശൂര്‍ പോയി അവളെ ഒന്ന് കണ്ട് ആശ്വസിപ്പിക്കാന്‍ തോന്നിയില്ല; ഭാഗ്യലക്ഷ്മി

by Reporter

പൊതു ജനം അതിജീവിതയെ അനുകൂലിക്കുന്നത് കണ്ടപ്പോഴുള്ള പിആര്‍ വര്‍ക്കാണ് ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കുന്നതിന് ആര്‍ ശ്രീലേഖയെ പ്രേരിപ്പിക്കുന്നതെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

ശ്രീലേഖയുടെ പ്രശ്നം ദിലീപ്, ദിലീപിന്റെ കുട്ടി, ദിലീപിന്റെ കുടുംബം ഇതൊക്കെ ആണെന്നും അതിജീവിതയെ കുറിച്ച്‌ അവര്‍ ഒന്നും മിണ്ടുന്നില്ലന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്കൊണ്ട് സംസാരിക്കവേ ഭാഗ്യലക്ഷ്മി പറഞ്ഞു. തനിക്ക് ആര്‍ ശ്രീലേഖയുമായി നല്ല അടുപ്പം ഉണ്ട്. ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചു, ദിലീപ് കിടക്കുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നി, ബ്ലാങ്കറ്റ് വാങ്ങി പുതപ്പിച്ചു എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ അതൊക്കെ സഹതാപത്തിന്റെ പേരില്‍ പറഞ്ഞതാകാമെന്ന് കരുതി അവഗണിക്കാം എന്നാണ് കരുതിയത്.

യൂട്യൂബില്‍ വീഡിയോ കണ്ടപ്പോള്‍, വളരെ മോശമായിപ്പോയി പ്രസ്താവനയെന്നു കാണിച്ച് ശ്രീലേഖയ്ക്ക് മെസ്സേജ് അയച്ചു. പക്ഷേ മറുപടി കിട്ടിയിട്ടില്ല. സങ്കടം തോന്നുന്ന കാര്യം അവര്‍  അവളെ കുറിച്ച്‌ ഒന്നും പറയുന്നില്ല എന്നതാണ്. ആ പെണ്‍കുട്ടിയല്ല അവര്‍ക്ക് വിഷയം , ദിലീപ്, ദിലീപിന്റെ കുഞ്ഞ്, ദിലീപിന്റെ കുടുംബം ഇതൊക്കെയാണ്. ദിലീപിന്റെ അടുത്ത സുഹൃത്ത് ശ്രീലേഖയുടെ ബന്ധു ആണെന്നു പിന്നീട്  മനസ്സിലായത്. അവരെല്ലാവരും കൂടി നടത്തുന്ന ഗൂഢാലോചന ആണിതെന്ന് പിന്നീടാണ് തോന്നിത്തുടങ്ങിയത്. ഇത് ശ്രീലേഖ ഐപിഎസിനെ പോലെ ഒരു  വ്യക്തി പറയുന്നതുകൊണ്ടാണ് പ്രശ്‌നം, ഒരു സാധാരണ വ്യക്തി ആയിരുന്നു എങ്കില്‍ അതൊരിക്കലും ഒരു വിഷയമല്ല’.

പലര്‍ക്കും പല വികാരങ്ങളും തോന്നാം. സമൂഹം പല തരത്തിലുള്ളതാണ്. കേസ് നടക്കുമ്ബോള്‍ ശ്രീലേഖ സര്‍വ്വീസിലുണ്ട്. അപ്പോള്‍ അവര്‍ക്ക് സംശയം തോന്നിയില്ലേ. അവര്‍ ആരോടും അത് വെളിപ്പെടുത്തിയില്ലേ.. അത്ര ഉറപ്പുണ്ടെങ്കില്‍ ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചത് പോലെ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു കത്ത് അയച്ചില്ലാ എന്നു ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. പൊതുജനവും സിനിമാ രംഗത്തുളള 90 ശതമാനം പേരും  അതിജീവിതയുടെ ഭാഗത്തേക്ക് മാറുന്നത് കണ്ടപ്പോള്‍ നടത്തുന്ന പിആര്‍ വര്‍ക്ക് ആണിത്. ആരുടെയൊക്കെയോ കളിപ്പാട്ടമായി സംസാരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് വഴി പോയപ്പോള്‍ ആലുവ ജയിലില്‍ കയറാന്‍ തോന്നിയവര്‍, തൃശൂര്‍ പോയി അവളെ കണ്ട് ഒന്ന് ആശ്വസിപ്പിക്കാന്‍ തോന്നിയില്ലല്ലോ എന്നാണ്,

Leave a Comment