സുഹൃത്തിന്‍റെ കോളിന് സേഫ് ആണെന്ന് മറുപടി പറഞ്ഞ കിരണ്‍ നിമിഷങ്ങള്‍ക്കകം പരിഭ്രാന്തനായി ഓടിപ്പോകുന്നത് സീസീ റ്റീവിയില്‍ നിന്നും വ്യക്തം; പിന്നീട് കണ്ടെത്തിയത് മരിച്ച നിലയിലും; യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു

by Reporter

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍ സുഹൃത്തിനെ തേടി ആഴിമലയില്‍ എത്തി കാണാതായ കിരണിന്റേതെന്നു കരുതുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കൊല്ലങ്കോടിനു അടുത്തുള്ള ഇരയിമ്മന്‍തുറ തീരത്തു നിന്നും കണ്ടെത്തിയത്. ഇതോടെ കിരണിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രം​ഗത്തെത്തി.

അക്രമികളില്‍ ഒരാള്‍  ബൈക്കില്‍ കൊണ്ട് പോയതിന് ശേഷം കിരണിനെ വാട്സ്‌ആപ്പ് കോള്‍ ചെയ്ത സുഹൃത്തുക്കളോട് താന്‍ സേഫ് ആണ് എന്നാണ് കിരണ്‍ നല്കിയ മറുപടി. കിരണ്‍ ഓടുന്നതും വാട്സ് ആപ് കോള്‍ ചെയ്യുമ്പോള്‍ മറുപടി നല്‍കുന്നതും തമ്മില്‍ 5 മിറ്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളതെന്ന് പൊലീസ് നിഗമനം. ഫോണിലുള്ള ചില സാങ്കേതിക തടസ്സം മൂലം കോള്‍ ചെയ്ത സമയം കൃത്യമായി രേഖപ്പെടുത്താന്‍ കഴിയുന്നില്ലന്നു പൊലീസ് പറയുന്നു. ഈ കോളിനു ശേഷം പിന്നീട് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിലാണ് വ്യക്ത വരേണ്ടത്.

കിരണ്‍ ഓടിപ്പോകുന്ന കോണ്‍ക്രീറ്റ് റോഡ് കടല്‍ തീരം വരെ ഇല്ല. കടല്‍ തീരം എത്തുന്നതിന്  ഏകദേശം 100 മീറ്ററിന് മുന്‍പ് ഈ റോഡ് തീരുകയാണ്. പിന്നീടങ്ങോട്ട് ചെറിയ വഴിയും പാറക്കെട്ടുകളും ഉള്ള ഭാഗമാണ്. അതിന് ശേഷമാണ് കടല്‍ തീരവും കടലും ഉള്ളത്. അതുകൊണ്ട് തന്നെ ഓടി വന്നു കടലില്‍ വീഴാനുള്ള സാധ്യത വളരെ കുറവാണ്. കടല്‍ തീരത്തിന് അടുത്തുള്ള റോഡിലൂടെ കിരണ്‍ പരിഭ്രാന്തനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ തന്നെ കിട്ടിയിരുന്നു. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കിരണ്‍ വീടിനു അടുത്ത് വച്ച് കണ്ടു മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനും  സംഘവും വാഹനത്തിലെത്തി മര്‍ദിച്ചു എന്നാണ് കിരണിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.

പൊലീസ് വരുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ മറ്റൊരു വാഹനത്തിലും കയറ്റി കൊണ്ടു പോയെന്നും ഇതിനിടെയാണ് കിരണിനെ കാണാതായെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങളെ  ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നുമാണ് അവര്‍ പറഞ്ഞത്. ഇന്നലെ രാവിലെയോടെയാണ് 25- 30 വയസ്സ് പ്രായമുള്ള ഒരാളിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന മൃതദേഹം കിരണിന്റെതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ഇത് കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരിക്കൂ. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കളുടെയോപ്പം ആഴിമല സ്വദേശിനിയെ കാണാനാണു കിരണ്‍ സംഭവ സ്ഥലത്തേക്ക് വന്നത്.

Leave a Comment