കോട്ടയത്തു വച്ച് 24 ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

by Reporter

കോട്ടയത്തു ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ സംഭവത്തില്‍ ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. എം സി റോഡില്‍ നാട്ടകം സിമന്റ് കവലയില്‍ വച്ചാണ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടിയുള്ള ഭീഷണി.

പ്രതികള്‍ മദ്യലഹരിയിലായിരുന്നു. കാറുകള്‍ തമ്മില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് തോക്കുമായി ചാടിയിറങ്ങിയുള്ള ഭീഷണി. ഇതോടെ ഭയന്നു പോയ ചാനല്‍ സംഘം അതിവേഗം അവിടെ നിന്നും രക്ഷപെടുക ആയിരുന്നു. പിന്നീട് ചാനല്‍ സംഘം പോലീസില്‍ പരാതി നല്കുക ആയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചിങ്ങവനം പൊലീസ് പ്രതികളുടെ തോക്ക് ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു. ‘പിസ്റ്റള്‍ ലൈറ്ററാണ്’ ഇവര്‍  ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ഓണ്‍ലൈനില്‍  1500 രൂപയ്ക്കകത്ത് മാത്രം വിലയുള്ള പിസ്റ്റല്‍ ലൈറ്റര്‍ ഉപയോഗിച്ചാണ് മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ഭീഷണിപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചയോടെ നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന് മുന്നില്‍ വച്ച് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന 24ന്യൂസ് ചാനല്‍ സംഘത്തിന്‍റെ വാഹനത്തിന് നേരെ ഇടറോഡില്‍ നിന്ന് എം.സി റോഡില്‍ നിന്നും പിന്നിലേക്ക് എടുത്തതായിരുന്നു  അക്രമി സംഘത്തിന്റെ വാഹനം. അതേ സമയം ചാനല്‍ സംഘം അവരുടെ വാഹനം മുന്നിലേക്ക് എടുത്തിരുന്നു. തുടര്‍ന്നു ചാനല്‍ സംഘം ഇവരോട് വാഹനം ശ്രദ്ധിച്ച്‌ ഓടിക്കണമെന്ന് അറിയിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഒരാള്‍ കാറിനുള്ളില്‍ നിന്നു തോക്കുമായി ചാടിയിറങ്ങുകയും ചാനലിന് നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന് പോയ ചാനല്‍ സംഘം വേഗം തന്നെ അവിടെ നിന്നും വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ചിങ്ങവനം സ്റ്റേഷനില്‍ ചാനല്‍ സംഘം വിവരമറിയിച്ചു. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രത്തിന് അടുത്ത് വച്ച്‌ തോക്ക് ചൂണ്ടിയവരുടെ കാര്‍ ചാനല്‍ ജീവനക്കാര്‍ കണ്ടെത്തി. ഇതോടെ ചിങ്ങവനം പൊലീസ് ഇവരുടെ വീട്ടില്‍  കയറി അക്രമികളെ പിടി കൂടുക ആയിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍  ഇവരുടെ തലയിണയുടെ അടിയില്‍ നിന്നും ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും കണ്ടെത്തി. സിഗരറ്റിനും ഗ്യാസടുപ്പിലും തീ കൊടുക്കാന്‍  ഉപയോഗിക്കുന്ന പിസ്റ്റല്‍ മാതൃകയിലുളള ലൈറ്റര്‍ ആയിരുന്നു ഇത്.

Leave a Comment