പിക്ച്ചറില്‍ അല്ല സ്വപ്നത്തില്‍ കേട്ടാല്‍ പോലും എഴുന്നേല്‍ക്കണം എന്നു പറഞ്ഞു ഒരെണ്ണം കൊടുത്തുവെന്ന് മേജര്‍ രവി; സംവിധായകനെതിരെ സമൂഹ മാധ്യമത്തില്‍ വിമര്‍ശനം

by Reporter

ദേശീയഗാനം പ്ലേ ചെയ്യുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ച ഒരാളെ തല്ലിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ചലചിത്ര  സംവിധായകന്‍ മേജര്‍ രവി. കുറച്ചു മാസം മുന്പ് ഒരു തീയറ്ററില്‍ കുടുംബമായി സിനിമ കാണാന്‍ പോയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം വിശദീകരിച്ചത്. സിനിമയുടെ അവസാനം ദേശീയ ഗാനം ഉണ്ടായിരുന്നു. അപ്പോള്‍ എല്ലാവരും എഴുന്നേറ്റു. ആദ്യമേ തന്നെ കാണിച്ചിരുന്നു സിനിമയുടെ ഭാഗമാണ് ജനഗണമന എന്നും അതുകൊണ്ട് എല്ലാവരും ദയവായി എഴുന്നേല്‍ക്കൂ എന്നും പ്രത്യേകം പറഞ്ഞിരുന്നു.

ഹിന്ദിയിലും ഇംഗ്ലീഷിലും ഇത് എഴുതിക്കാണിച്ചിരുന്നു. അപ്പോള്‍ തന്റെ മുന്‍പില്‍ ഇരിക്കുന്ന ഒരു തടിയന്‍ എഴുന്നേറ്റില്ലന്നും തനിക്ക് പൊതുവേ ശരീരം പരിപാലിക്കാത്തവരെ കണ്ട് കഴിഞ്ഞാല്‍ തന്നെ ഭയങ്കര പ്രശ്‌നമാണ് എന്നും മേജര്‍ രവി പറയുന്നു. മാത്രവുമല്ല അവര്‍ ഭാര്യയും ഭര്‍ത്താവും കഴിച്ചു കൊണ്ടിരിക്കുന്ന പോപ്കോണ്‍ സിനിമയുടെ അവസാനമായിട്ടും കഴിഞ്ഞിരുന്നില്ലന്നു മേജര്‍ രവി ചൂണ്ടിക്കാട്ടുന്നു.

പടം തീരാറായിട്ടും പോപ്കോണിന്റെ വലിയ ബക്കറ്റ് അവിടെ ഇരിപ്പുണ്ടായിരുന്നു, അപ്പോള്‍ത്തന്നെ മനസ്സിലാക്കാവുന്നതെയുള്ളൂ എന്തുകൊണ്ടാണ് അത്രയും തടിയെന്ന്.. ജമനഗണമന കേട്ട്  എല്ലാവരും എഴുന്നേറ്റു. എന്നാല്‍ ആയാളും ഭാര്യയും മാത്രം അപ്പോഴും എഴുന്നേല്‍ക്കുന്നില്ല. ആ 53 സെക്കന്റ് ഒന്നും ചെയ്യാന്‍ പാടില്ലാത്തത് കൊണ്ട് താന്‍  വെയ്റ്റ് ചെയ്ത് നിന്നു. ദേശീയഗാനം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ മുകളിലേക്ക് ഒരു ചവിട്ടു വെച്ച്‌ കൊടുത്തു. അപ്പോള്‍ അയാള്‍ എഴുന്നേറ്റു. അടിക്കാനുള്ള സ്‌പേസ് വേണമല്ലോ എന്നതുകൊണ്ട് പുറത്തേക്ക് പോയി. പിന്നീട് അയാളോട് ഹിന്ദിയില്‍ ചോദിച്ചു , നിന്‍റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ, ദേശീയഗാനം കേള്‍ക്കുമ്ബോള്‍ എഴുന്നേല്‍ക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്ന് ചോദിച്ചു.

അത് പിക്ച്ചറില്‍ അല്ലേ എന്ന് അവന്‍ തിരിച്ചു ചോദിച്ചു.  പിക്ച്ചറില്‍ അല്ല സ്വപ്നത്തില്‍ കേട്ടാല്‍ പോലും എഴുന്നേല്‍ക്കണം എന്നു പറഞ്ഞു ഒരെണ്ണം കൊടുത്തുവെന്ന് മേജര്‍ രവി പറയുന്നു. മേജര്‍ രവി നടത്തിയ ഈ അഭിപ്രായപ്രകടനത്തിനു സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. തിയേറ്ററിനുള്ളില്‍  ദേശീയഗാനം കേള്‍ക്കുമ്ബോള്‍ എഴുന്നേല്‍ക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും  സ്വാതന്ത്ര്യമാണ് എന്ന നിലപാടിലായിരുന്നു മേജര്‍ രവിയെ എതിര്‍ക്കുന്ന പലര്‍ക്കും ഉണ്ടായിരുന്നത്. മേജര്‍ രവി ബോഡി ഷെയിമിംഗ് നടത്തിയെന്നും മാപ്പ് പറയണമെന്നും വലിയൊരു വിഭാഗം പ്രേക്ഷകര്‍ പ്രതികരിച്ചു.

Leave a Comment