വാഹനാപകടത്തില്‍ മരിച്ച പ്രവാസി അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതു ജീവിതം നല്കി ഒരു മാസ്സത്തെ ആവധിക്കു നാട്ടില്‍ എത്തിയപ്പോഴായിരുന്നു മരണം

by Reporter

വാഹന അപകടത്തില്‍പ്പെട്ടു  മരിച്ച പ്രവാസി അന്ത്യ യാത്ര ആകുന്നതിന് മുന്പ് അവയവ ദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതിയ ജീവിതം നല്കി . ഒരു മാസത്തെ അവധിക്കായി യു എ ഇയില്‍ നിന്ന് നാട്ടില്‍ എത്തിയ പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു. ജി. വേലായുധന്റെ മകനായ യു. വി. ഗോപകുമാറാണ് കഴിഞ്ഞ തിങ്കളാഴ്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരിക്ക് പറ്റിയത് . തലയ്ക്ക് അതീവ ഗുരുതരമായി പരുക്കേറ്റ ഗോപകുമാറിനെ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലെ ന്യൂറോസര്‍ജറി വിദഗ്ധര്‍ ഗോപകുമാറിന്റെ ജീവന്‍ രക്ഷിക്കുന്നതിന് കഴിവതും ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

അധികം വൈകാതെ തന്നെ ഗോപകുമാറിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ  ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ശേഷം ആശുപത്രി അധികൃതര്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വര്‍ക്ക്‌ ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ വിവരം അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഹൃദയവും കോര്‍ണിയയും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കു ദാനമായി നല്കി. മഞ്ഞപ്പിത്തം ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാനിയ എന്ന വിദ്യാര്‍ത്ഥിനിക്ക് ഗോപകുമാറിന്റെ കരള്‍ മാറ്റി വച്ചു. രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്ന ഒരു മലപ്പുറം സ്വദേശിക്കും, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മറ്റൊരു രോഗിക്കും ഗോപകുമാറിന്റെ വൃക്കകള്‍ നല്‍കി .

Leave a Comment