13 ഇനങ്ങളുമായി ഓണക്കിറ്റ്; സേമിയ, പഞ്ചസാര, ശര്‍ക്കരവരട്ടി, ചെറുപയര്‍ എന്നിവയുള്‍പ്പെടുത്തിയ കിറ്റ് നല്‍കാനൊരുങ്ങി കേരള സര്‍ക്കാര്‍; വിവരങ്ങള്‍ ഇങ്ങനെ

by Reporter

ഓണത്തിനോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ ഔട്ട്ലറ്റുകളിലൂടെ  കിറ്റ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ ഓണത്തിന് 15 ഇനങ്ങളായിരുന്നു ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇത്തവണ 13 ഇനങ്ങള്‍ ആയിരിക്കും ഉണ്ടാവുക. നേരത്തെത്തില്‍ നിന്നും വ്യത്യസ്ഥമായി സോപ്പ്, ആട്ട എന്നിവ കിറ്റില്‍ നിന്നും ഒഴിവാക്കും.

സൗജന്യ കിറ്റുകള്‍ തയാറാക്കുന്നതിനും കിറ്റ് പാക്ക് ചെയ്യുന്നതിനും ഉള്ള ഇടങ്ങള്‍ സജ്ജമാ‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സി എം ഡി നിര്‍ദേശിച്ചിരുന്നു. ഭക്ഷ്യ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇനങ്ങളുടെ ലിസ്റ്റ് റീജനല്‍ മാനേജര്‍മാര്‍ എംഡിക്കു നല്കിയിട്ടുണ്ട്. അതേ സമയം കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്ന് സപ്ലൈകോ അറിയിച്ചു.

നേരത്തെ കിറ്റ് വിതരണം നടത്തിയപ്പോഴുള്ള കമ്മീഷന്‍ വകയിലുള്ള 11 മാ​സ​ത്തെ ക​മീഷന്‍ റേഷന്‍ വ്യാപരികള്‍ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്കാനുണ്ട്. ഓ​ണ​ക്കി​റ്റ് വി​തരണം നടത്തുന്നതിന് അ​ഞ്ചു ​രൂ​പയും കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​ന് ഏ​ഴു രൂ​പ നി​ര​ക്കി​ലു​മാ​ണ് ക​മീ​ഷ​ന്‍ ന​ല്‍​കേ​ണ്ട​ത്.

ഇത്തവണ 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്കായിരിക്കും സൗജന്യ കിറ്റ് വിതരണം ചെയ്യുക. ഒരു കിറ്റിന് 500 രൂപ ആണ് ചിലവ് കണക്കാക്കുന്നത്. സൗജന്യ കിറ്റിനു പുറമേ ഓണം പ്രമാണിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റു വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സപ്ലൈകോ നടത്തുന്നുണ്ട്. ഇത്തവണത്തെ കിറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇനീ പറയുന്നവയാണ്….

പഞ്ചസാര- ഒരു കിലോ

ചെറുപയര്‍- 500 ഗ്രാം

തുവര പരിപ്പ്- 250 ഗ്രാം

ഉണക്കലരി- അര കിലോ

വെളിച്ചെണ്ണ- 500 മില്ലിലീറ്റര്‍

തേയില- 100 ഗ്രാം

മുളകുപൊടി- 100 ഗ്രാം

മഞ്ഞള്‍പ്പൊടി- 100 ഗ്രാം

സേമിയ/പാലട

ഉപ്പ്- ഒരു കിലോ

ശര്‍ക്കരവരട്ടി- 100 ഗ്രാം

ഏലയ്ക്ക/കശുവണ്ടി- 50 ഗ്രാം

നെയ്യ്- 50 മില്ലിലിറ്റര്‍

Leave a Comment