മക്കളെ പഠിപ്പിക്കാന്‍ പരോളിലിറങ്ങി ഒളിവില്‍ പോയി; 12 വര്‍ഷത്തിന് ശേഷം മക്കള്‍   ഉയര്ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചപ്പോള്‍ തിരികെ ജയിലിലേക്ക് മടങ്ങി

by Reporter

തന്‍റെ പെണ്‍മക്കളെ പഠിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും വേണ്ടി പരോളിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിന്  ശേഷം കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചപ്പോള്‍ തിരികെ ജയിലിലേക്ക് മടങ്ങി.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് തെജ്‌നെ എന്ന പ്രതിയാണ് പരോളിലിറങ്ങി മുങ്ങിയത്. പിന്നീട് 12 വര്‍ഷത്തോളം ഇയാള്‍ ഒളിവിലായിരുന്നു. മക്കള്‍ ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചപ്പോള്‍ അദ്ദേഹം വീണ്ടും  ജയിലില്‍ തിരികെയെത്തി.

2003ല്‍ അച്ഛന്‍റെയും രണ്ട് സഹോദരങ്ങളുടെയും ഒപ്പം ഒരു കൊലപാതക കേസിലാണ് സഞ്ജയ് പോലീസ് പിടിയിലാകുന്നത്. 2005ല്‍ കുറ്റക്കാരെന്നു കണ്ടു ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് രണ്ടു പ്രാവശ്യം ഇദ്ദേഹം പരോളിലിറങ്ങി. ഇതിനിടെ ഇദ്ദേഹത്തിന് രണ്ടു പെണ്‍മക്കള്‍ ജനിച്ചു. ശ്രദ്ധ, ശ്രുതി. ഇവര്‍ ജനിച്ചതിന്  ശേഷം തന്നെ തടവു ശിക്ഷയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന്  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. ഇതോടെയാണ് ഒളിവില്‍ പോകാന്‍ ഇയാള്‍ തീരുമാനിക്കുന്നത്. പിന്നീട്  പരോളിലിറങ്ങിയ ഇയാള്‍ ജയിലില്‍ തിരികെ എത്തിയില്ല. മക്കളെ പഠിപ്പിക്കുന്നതിനായി ഒരു പ്രിന്റിംഗ് പ്രസ്സില്‍ ജോലി ചെയ്തു. മാത്രവുമല്ല പൊലീസിന്‍റെ കണ്ണു വെട്ടിച്ച് കുടുംബത്തെ കാണാനും എത്തിയിരുന്നു. മക്കള്‍ പത്താം ക്ലാസ് ഉയര്ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചതോടെ തിരിച്ച് ജയിലിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

തന്‍റെ മക്കള്‍ക്ക് ഉയര്ന്ന വിദ്യാഭ്യാസം കിട്ടണമെന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇതിനായി ചില സന്നദ്ധ സംഘടനകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉന്നതവിജയം നേടിയ  തടവുകാരുടെ മക്കളെ ആദരിച്ചപ്പോള്‍ അതില്‍ ശ്രദ്ധയും ശ്രുതിയും ഉണ്ടായിരുന്നു. ശ്രദ്ധക്കും ശ്രുതിക്കും യഥാക്രമം  86 ശതമാനവും 83 ശതമാനവും മാര്‍ക്ക് വാങ്ങി വിജയിച്ചു.  വളരെ വര്‍ഷങ്ങള്‍ ഒളിവില്‍ ആയിരുന്നതിനാല്‍ സഞ്ജയ്‌ക്ക് ഇനീ പരോളോ മറ്റ് അവധി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Leave a Comment