കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗ് മൂലം നഷ്ടമായത് ഒരു ജീവന്‍; മനപ്പൂര്‍വ്വമല്ലാത്ത നര ഹത്യക്ക് കേസ്സെടുത്ത് പോലീസ്

by Reporter

അശ്രദ്ധമായി ഓടിച്ച കെ എസ്‌ ആര്‍ടി സി ബസിടിച്ച്‌ ഉണ്ടായ അപകടം ഒരു നിരപരാധിയുടെ ജീവന്‍ കവര്‍ന്നു.  ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്.  ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം ആണ് അപകടം ഉണ്ടായത്…

ഡ്രൈവറുടെ ഭാഗത്താണ് തെറ്റെന്നു മനസ്സിലാക്കി കെഎസ്‌ആര്‍ടിസി ഇയാളെ സസ്പെന്‍ഡ് ചെയ്തു. അപകടത്തിലേക്ക് നയിച്ചത് അലക്ഷ്യമായ ഡ്രൈവിംഗ് ആണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കെ എസ് ആര്‍ ടി സിയുടെ  നടപടി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെ.വിയെയാണ് വിജലന്‍സ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്തു വച്ച് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടാകുന്നത്.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ട്. അലക്ഷ്യമായി മറികടന്ന കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. അപകടം നടന്നു അധികം വൈകാതെ തന്നെ ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. റോഡില്‍ തിരക്കുള്ളപ്പോള്‍ വലതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ഡ്രൈവര്‍, അലക്ഷ്യമായി ബസ് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. അപ്പോള്‍ ശരിയായ ദിശയില്‍ ആയിരുന്നു സ്കൂട്ടര്‍ പൊയ്ക്കൊണ്ടിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മാധവന്‍ ബസിന്‍റെ അടിയിലേക്കും മകന്‍ മറു വശത്തേക്കും വീണു.

ബസിനടിയില്‍ വീണ മാധവന്‍ തല്‍ക്ഷണം മരിച്ചു. പിന്നീട് പോലീസ് സംഭവ
സ്ഥലത്തെത്തിയാണ് മറ്റ്  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.

Leave a Comment