മക്കളെ കാണാനുള്ള കൊതി കൊണ്ട് ജയില്‍ ചെടിയതാണ് സാറേ ‘; കൊലക്കേസ് പ്രതിയുടെ വാക്കുകള്‍ ഇങ്ങനെ

by Reporter

കോട്ടയം ജില്ലാ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവം വലിയ വിവാദമായി മാറിയെങ്കിലും ജയില്‍ ചാടിയ പ്രതി ബിനുമോനെ 24 മണിക്കൂറിനുള്ളില്‍ തന്നെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയോടെ ജയില്‍ ചാടിയ ബിനുവിനെ രാത്രി പത്തു മണിയോടെ പൊലീസ് പിടി കൂടി. കോട്ടയത്തെ വീട്ടില്‍ നിന്നാണ് ബിനുമോനെ പോലീസ്  പിടി കൂടിയത്. പിടിയിലായതിനു ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ജയില്‍ ചാടാനിടയായ കാരണം ബിനുമോന്‍ പോലീസിനോട് പറഞ്ഞു.

വെളളിയാഴ്ച ജയിലിലെ ഫോണില്‍ മക്കളെ വിളിക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. ഈ സങ്കടം കൊണ്ടാണ് താന്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്ന് ബിനുമോന്‍ പോലീസിനോട് പറഞ്ഞത്. ജയില്‍ ചാടി നേരെ വീടിനടുത്ത് എത്തിയെങ്കിലും മക്കളെ കാണാന്‍ ബിനുമോന് കഴിഞ്ഞില്ല. അതിനു മുമ്ബു തന്നെ പൊലീസ് സംഘം ബിനുമോനെ പിടി കൂടി. ജയിലില്‍ പൊതുവേ ശാന്തശീലനായിരുന്നു ബിനുമോനെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താന്‍ നിരപരാധി ആണെന്നും ഷാന്‍ വധക്കേസില്‍ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ് ബിനുമോന്‍ സഹതടവുകാരോടും മറ്റും പറഞ്ഞിരുന്നത്. കേസ് നടത്തുന്നതിന് അഞ്ചു ലക്ഷം രൂപ കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്‍റെ കുടുംബം സാമ്ബത്തിക പ്രതിസന്ധിയിലായി. തുടര്‍ന്നു ഭാര്യ ജോലിക്കായി വിദേശത്തേക്കു പോയി.

തന്‍റെ കുടുംബത്തിനെ സഹായിക്കുന്നതിനു ജയിലില്‍ എന്തെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കുന്നതിന് അനുവതിക്കാണെമെന്ന് ബിനുമോന്‍ ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ശാന്ത സ്വഭാവി ആയ ബിനു വളരെ വേഗം ജയില്‍ ഉദ്യോഗസ്ഥരുടെയും വിശ്വാസം നേടിയെടുത്തു.
എല്ലാവരോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന ബിനുമോന്‍റെ ജയില്‍ചാട്ടം ജയിളിലുള്ള എല്ലാവരിലും അമ്പരപ്പ് ഉണ്ടാക്കി. വീണ്ടും അറസ്റ്റിലായതിന് ശേഷം ജയിലില്‍ എത്തിയ ബിനുമോന്‍ ഉദ്യോഗസ്ഥരോട്  ക്ഷമ ചോദിച്ചു. ബിനുമോനെ ഉടന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ പിടികൂടി കൂടുതല്‍ സുരക്ഷയുള്ള ഇടത്തേക്ക് മാറ്റണമെന്നാണ് ജയില്‍ നിയമം. ഷാന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍.


Leave a Comment