മദ്യത്തിന് പകരം കഞ്ചാവ് പ്രചാരത്തില്‍ കൊണ്ട് വരണം; കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പീഡനമോ കൊലപാതകമോ കവര്‍ച്ചയോ നടത്തിയതായി അറിവില്ല; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

by Reporter

മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിന് കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന ബിജെപി എം എല്‍ എയുടെ പ്രസ്താവന വിവാദമായി മാറി. ഛത്തീസ്ഗഢ് മസ്തൂരി എം എല്‍എ ഡോ കൃഷ്ണമൂര്‍ത്തി ബന്ധിയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തി വിവാദത്തില്‍ അകപ്പെട്ടത്. കഞ്ചാവ് ഉപയോഗിക്കുന്നവരാരും തന്നെ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളോ പീഡനങ്ങളോ കവര്‍ച്ചയോ ഒന്നും ചെയ്യുന്നില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതായലും ഇദ്ദേഹത്തിന്റെ ഈ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  വിമര്‍ശനവുമായി രംഗത്ത് വന്നു. രാജ്യത്തെ ഒരു പ്രമുഖ പാര്‍ട്ടിയിലെ ഒരു ജന പ്രതിനിധി ഇത്തരത്തില്‍ ഉള്ള ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍  സംസാരിക്കുന്നത് മോശമാണെന്നു പലരും പ്രതികരിച്ചു.

ഛത്തീസ്ഗഢില്‍ മദ്യ നിരോധനം നടപ്പാക്കുമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.  ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം. പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വഴക്കുകള്‍ക്കുമെല്ലാം പ്രധാന കാരണം മദ്യമാണ്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പീഡനമോ കൊലപാതകമോ കവര്‍ച്ചയോ നടത്തിയതായിഅറിവില്ല. അതുകൊണ്ട് തന്നെ മദ്യത്തിന് പകരമായി കഞ്ചാവ് ഉപയോഗിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് ലഹരി അത്യാവശ്യമാണെങ്കില്‍  അവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കാത്ത തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ആണ് ഉപയോഗിക്കേണ്ടത്. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു.

അതേ സമയം രാജ്യത്ത് കഞ്ചാവ് നിയമപരമാക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ബിജെപി തന്നെ അത്  കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പരിഹാസ രൂപേണ അറിയിച്ചു. ഒരു ലഹരിയും നല്ലതല്ലന്നും അദ്ദേഹം വിമര്‍ശിച്ചു. ഡോ കൃഷ്ണമൂര്‍ത്തി ബന്ധി സംസ്ഥനത്തെ മുന്‍ ആരോഗ്യ മന്ത്രിയും മൂന്ന് പ്രാവശ്യം എംഎല്‍എ ആയി തെരഞ്ഞടുക്കപ്പെട്ട വ്യക്തിയുമാണ്.

Leave a Comment