അമ്മ മരിച്ചതോടെ അച്ഛന്‍ ഉപേക്ഷിച്ചു; പിന്നീട് മുത്തശ്ശിയുടെ ഒപ്പം താമസം; സി.ബി.എസ്.ഇ 10ആം ക്ലാസ് പരീക്ഷയില്‍ 99.4 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയ  ശ്രീജ പ്രചോദനമാണ്

by Reporter

ഇത്തവണത്തെ സി.ബി.എസ്.ഇ 10-ആം ക്ലാസ് പരീക്ഷയില്‍ 99.4 ശതമാനം മാര്‍ക്ക് നേടിയാണ് പാട്നയില്‍ നിന്നുള്ള ശ്രീജ ശ്രദ്ധക്കപ്പെട്ടത്. അമ്മ മരണപ്പെട്ടതോടെ അച്ഛന്‍ ഉപേക്ഷിച്ചു പോയ അവളെ വളര്‍ത്തിയത്  മുത്തശ്ശനും മുത്തശ്ശി​മാണ്.  വരുണ്‍ ഗാന്ധിയാണ് ശ്രീജയെയും മുത്തശ്ശിയെയും പരിചയപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചത്. ഇത് വളരെ വേഗം വൈറലായി മാറി. 

തന്റെ കൊച്ചുമകളുടെ വിജയത്തില്‍ വളരെയധികം  അഭിമാനിക്കുന്നുവെന്ന് മുത്തശ്ശി പ്രതികരിച്ചു. തന്‍റെ മകള്‍ മരിച്ചതിന് ശേഷം അവളുടെ അച്ഛന്‍ ഉപേക്ഷിച്ചു പോയി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. അയാള്‍ മറ്റൊരു വിവാഹം കഴിച്ചു. സി. ബി. എസ് .ഇ ഫലം വന്നപ്പോള്‍ മകളെ ഉപേക്ഷിച്ച തീരുമാനത്തില്‍ അയാള്‍ പശ്ചാത്തപിക്കുന്നുണ്ടാകുമെന്ന് മുത്തശ്ശി പറയുന്നു. ശ്രീജയെയും മുത്തശ്ശിയെയും അഭിനന്ദിച്ച്‌ നിരവധി പേരാണ് കമന്‍റുകള്‍ രേഖപ്പെടുത്തിയത്.

ബി.എസ്.ഇ.ബി കോളനിയിലാണ് ശ്രീജയും മുത്തശിയും താമസിക്കുന്നത്. ഡി.എ.വി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനിയായ ​ശ്രീജക്ക് ഇലക്‌ട്രിക് എന്‍ജിനീയര്‍ ആകനാണ് ആഗ്രഹം. അതുകൊണ്ട് തന്നെ ഇതേ സ്ഥാപനത്തില്‍ അവള്‍  ഉപരി പഠനത്തിന് ചേരുകയും ചെയ്തു.

സംസ്കൃതം, സയന്‍സ് എന്നീ വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ശ്രീജ കരസ്ഥമാക്കി. കൂടാതെ ഇംഗ്ലീഷിനും മാത്തമാറ്റിക്സിലും സോഷ്യല്‍ സയന്‍സിലും 99 മാര്‍ക്കും നേടി .  99.4 ശതമാനം മാര്‍ക്ക് നേടിയ ശ്രീജ ബീഹാറിലെ തന്നെ ടോപ്പറാണ്.

ശ്രീജയുടെ പഠന രീതി വളരെ ലളിതമാണ്. പാഠ്യ ഭാഗങ്ങള്‍ അതാത് ദിവസം തന്നെ പഠിച്ചു തീര്‍ക്കുന്നതാണ് ശീലം. കൂടുതല്‍ സമയം പഠിക്കാനായി സമയം കണ്ടെത്തുകയല്ല ശ്രീജ ചെയ്യുന്നത്. പക്ഷേ പഠിക്കുന്ന സമയം വളരെ കൃത്യമായി മനസിരുത്തി  മനസിലാക്കുകയാണ് ചെയ്യുന്നത്. പഠനത്തില്‍ മാത്രമല്ല എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ്സിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനിയാണ് ശ്രീജ.

Leave a Comment