ഇവിടെ നിന്നും ആര്‍ക്കും ജീവനോടെ തിരിച്ചുവരാനാകില്ല…. മരണ തടാകം കണ്ടെത്തി ഗവേഷകര്‍

by Reporter

സാന്ദ്രത കൂടിയ ഉപ്പു വെള്ളം, അത്യപൂര്‍വ്വങ്ങളായ നിരവധി ധാതുക്കള്‍, ജീവനുള്ള എന്തിനെയും നിമിഷങ്ങള്‍ക്കകം ഇല്ലാതാക്കുന്ന ഭൂപ്രദേശം. പറഞ്ഞുവന്നത് ഒരു തടാകത്തെ കുറിച്ചാണ്. മിയാമി സര്‍വകലാശാലയിലെ ഒരു കൂട്ടം  ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഒരു തടാകം കണ്ടെത്തി, അവര്‍ അതിനു മരണ തടാകം എന്നു പേരും നല്കി. ചെങ്കടലിന് അടിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

ചെങ്കടലിന്‍റെ അടിത്തട്ടില്‍നിന്ന് ഏകദേശം 1.7 കിലോമീറ്റര്‍ അടിയിലായിട്ടാണ് ഒരു കാരണവശാലും ജീവന് നിലനില്‍ക്കാനാവാത്ത ഈ തടാകം. വളരെ അകലെ നിന്നും നിയന്ത്രിക്കാനാകുന്ന ഗവേഷണത്തിനു വേണ്ടി പയോഗിക്കുന്ന ചെറിയ വാഹനം ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്.

സമുദ്രത്തിന്‍റെ അടിത്തട്ടിലുണ്ടായ സമ്മര്‍ദ്ദം മൂലമാണ് ഈ മരണ തടാകം രൂപം കൊണ്ടതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. വളരെയധികം സാന്ദ്രതയുള്ള ഉപ്പു വെള്ളവും നിരവധി രാസ വസ്തുക്കളും ധാതുക്കളും അടങ്ങിയ ഒരു പ്രദേശമാണിത്. ചെങ്കടലിനെ അപേക്ഷിച്ച്‌ ഈ മേഖലയിലെ ഉപ്പിന്‍റെ സാന്ദ്രത വളരെ കൂടുതലാണ്. സമുദ്രത്തിന്‍റെ ഉള്‍ ഭാഗത്തുള്ള ഈ  തടാകത്തിന് അവിടെക്കു കടന്നു വരുന്ന എന്തിനെയും നിമിഷങ്ങള്‍ക്കകം നശിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഈ  ഗവേഷണത്തിന് നേതൃത്വം നല്കിയ സാം പര്‍ക്കിസിന്‍റെ അഭിപ്രായത്തില്‍ ഭൂമിയില്‍ കണ്ടെത്തിയതില്‍ വച്ച് ജീവന് നിലനില്‍ക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പ്രദേശമായിട്ടാണ് ഇതിനെ കരുതുന്നത്. ഈ തടാകത്തിന് അടുത്തേക്ക് വരുന്ന ഏത് ജീവനുള്ള വസ്തുവും കൊല്ലപ്പെടും. ചില മത്സ്യങ്ങളും മറ്റും ഈ പ്രദേശത്തെ ഇര പിടിക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കാറുണ്ട്.  മരണ തടാകത്തിലെത്തി ജീവന്‍ നഷ്ടപ്പെട്ടു പുറത്തെത്തുന്ന ജീവികളെയാണ് ഇവ ഭക്ഷണമാക്കുന്നത്.

ഇത് ആദ്യമായല്ല ഇത്തരം മരണ തടാകങ്ങള്‍ കണ്ടെത്തുന്നത്. ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനും മെക്സിക്കന്‍ ഉള്‍ക്കടലിനും അടിത്തട്ടില്‍ ഇത്തരത്തിലുള്ള നിരവധി മരണ തടാകങ്ങള്‍ മുന്പും സമുദ്ര ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Comment