എനിക്കൊരു ജോലി വേണം; ജോലിക്കായി പ്ലക്കാര്‍ഡും പിടിച്ച്‌ യുവാവ് നിന്നത് ഒന്നര മണിക്കൂര്‍; ചിത്രം നവ മാധ്യമങ്ങളില്‍ വൈറലായതോടെ ജോലി വാഗ്ദാനവുമായി എത്തിയത് 50 ഓളം കമ്ബനികള്‍

by Reporter

വിദ്യാഭ്യാസം ചെയ്തു കഴിഞ്ഞാല്‍ ഒരു ജോലി നേടുക എന്നതാണ് എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം. അതുകൊണ്ടാണ് പ്രിയപ്പെട്ട കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കുന്നതും.

എങ്കിലും ജോലിക്കായി കാത്തിരിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. താന്‍ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ജോലി കിട്ടുന്നതിന് വേണ്ടി വളരെ വിചിത്രമായ മാര്‍ഗം തേടിയ യുവാവിന്‍റെ കഥയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഈ യുവാവിന്‍റെ പേര് ഐസക് ഖ്വാമെ അഡ്ഡെ എന്നാണ്. ഇയാള്‍  ഘാന സ്വദേശിയാണ്. റോഡരികില്‍ പൊരി വെയിലത്ത് പ്ലക്ക് കാര്‍ഡും പിടിച്ചു നിന്നാണ്  ഐസക് തൊഴിലവസരം തേടിയത്. ഇതിന്‍റെ ചിത്രം ആരോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്ക് വയ്ക്കുക ആയിരുന്നു.

നിമിഷ നേരം കൊണ്ട് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി പേരാണ് ഈ ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്ക് വച്ചത്. ഇതോടെ ഒട്ടേറെ പേര്‍ ഇദ്ദേഹത്തിനു ജോലി വാക്ദാനവുമായി മുന്നോട്ട് വന്നു.   ഒന്നര മണിക്കൂറിനകം 50 ല്‍ കൂടുതല്‍ കമ്ബനികളില്‍ നിന്നുമാണ് തനിക്ക് ജോലിക്കുള്ള  ഓഫറുകള്‍ കിട്ടിയതെന്നു ഐസക് പറയുന്നു. പ്ലക് കാര്‍ഡും പിടിച്ച് നിന്നപ്പോള്‍ ആദ്യം പലരും കളിയാക്കിയെങ്കിലും തന്‍റെ പരിശ്രമം വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ഐസക് പറയുകയുണ്ടായി.

ആദ്യം നിന്ന സ്ഥലത്ത് നിന്നപ്പോള്‍ പലരും കളിയാക്കി. എന്നാല്‍ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി നിന്നപ്പോള്‍ വളരെ പോസിറ്റീവായ നിരവധി പ്രതികരണങ്ങളാണ് കിട്ടിയതെന്നും പലരും തന്നെ ആശ്വസിപ്പിച്ചെന്നും ഐസക് പറയുന്നു. താന്‍ ഒരു മറൈന്‍ സയന്‍സ് ബിരുദധാരിയാണെന്നും തനിക്ക് ഒരു ജോലി ആവശ്യമാണെന്നും ആണ്  പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ തന്നെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറും ഐസക്ക് കൊടുത്തിരുന്നു.

Leave a Comment