പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കിയ ദിവസം രാത്രി ഫസ്‌നയും ഷൈബിനും കേക്ക് മുറിച്ച്‌ ആഘോഷിച്ചു ; ഫസ്‌ന പോലീസ് പിടിയിലായത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

by Reporter

കോളിളക്കം സൃഷ്ടിച്ച മൈസൂരുവിലെ നാട്ടു വൈദ്യന്‍ ഷാബാ ഷരീഫിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന കൈപ്പഞ്ചേരിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസ് വലയില്‍ ആകുന്നത്.

പോലീസ് അറസ്റ്റ് ചെയ്യുമെന്നു ഉറപ്പുള്ളതുകൊണ്ട് തന്നെ അത് ഒഴിവാക്കാനായി മേപ്പാടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഫസ്‌ന അഡ്മിറ്റ് ആയിരുന്നു . ഹോസ്പിറ്റലില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. ഷാബാ ഷരീഫിനെ ഒളിവില്‍ താമസിപ്പിച്ചിരുന്ന നിലമ്ബൂര്‍ മുക്കട്ടയിലായിരുന്നു ഫസ്ന താമസിച്ചിരുന്നത്. ഭര്‍ത്താവ് നടത്തിയ  കുറ്റകൃത്യത്തെക്കുറിച്ച്‌ അറിയാമായിരുന്നെന്നും തെളിവു നശിപ്പിക്കുന്നതിന്  മറ്റു പ്രതികളെ ഇവര്‍ സഹായിച്ചതായും അന്വേഷണസംഘം അഭിപ്രായപ്പെടുന്നു.

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ആയിരുന്ന ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്നു ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കിയ അന്നേ ദിവസം രാത്രി ഫസ്‌നയും ഷൈബിനും തങ്ങളുടെ മകന്റെ ജന്മദിനം കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും ചെയ്തു. ഷൈബിന്‍ പോലീസ് പിടിയിലായ ഉടന്‍ തന്നെ ഫസ്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇവര്‍ അന്വേഷണസംഘത്തിനോടു സഹകരിച്ചിരുന്നില്ല.

2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്ബര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ  മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും തട്ടിക്കൊണ്ടു പോയത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും ഷാബാ ഷെരീഫ് ഈ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് കൊല്ലപ്പെട്ടു. പ്രതികളായ ഷൈബിന്‍ അഷ്‌റഫ്, സഹായികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Comment