ഒരു പരിചരണവും വേണ്ട; ആകെ വേണ്ടത് കുറച്ച്‌ ജലാശയം മാത്രം; ഒരു ശാരീരിക അധ്വാനവുമില്ലാതെ ലക്ഷങ്ങള്‍ സമ്ബാദിക്കാന്‍ മുരു കൃഷി

by Reporter

പ്രത്യേക പരിചരണമോ വളമോ ഒന്നും വേണ്ട ഈ കൃഷിക്ക്. വിത്തു വിതച്ചാല്‍ പിന്നെ വിളവെടുക്കാന്‍ ചെന്നാല്‍ മതി. കൈ നിറയെ പണം കിട്ടും. കക്ക ഇനത്തില്‍ പെട്ട മുരു എന്ന ജല ജീവിയെ വളര്‍ത്തി പണം ഉണ്ടാക്കുകയാണ് കുടുംബശ്രീയിലെ അം​ഗങ്ങളായ ആറുപേര്‍. എറണാകുളം സ്വദേശികളായ സതി, റോഷ്നി, പ്രസീല, ബീന, താര, സുമലത എന്നിവരാണ് കായലിലെ മുരിങ്ങക്കൃഷി നടത്തി ധനം സമ്ബാദിക്കുന്നത്. സെലീനിയം, സിങ്ക് എന്നിവ കാര്യമായി അടങ്ങിയിരിക്കുന്ന ഈ മാംസം പോഷക സമ്പുഷ്ടമാണ്.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎംഎഫ്‌ആര്‍ഐയുടെ പിന്തുണയോടെയാണ് ഇവര്‍ കായല്‍മുരിങ്ങ എന്നു വിളിപ്പേരുള്ള ഈ കൃഷി നടത്തുന്നത്. ഉപ്പുവെള്ളത്തില്‍ വളരുന്ന ഈ കക്കയെ കൃത്രിമമായി സാഹചര്യം സൃഷ്ടിച്ച് വ്യവസായിക അടിസ്ഥാനത്തില്‍  ഉല്‍പാദിപ്പിക്കുന്നതിനുള്ള എല്ലാ സാങ്കേതിക വിദ്യയും, ഒപ്പം പില്‍പ്പനയ്ക്കുള്ള പിന്തുണയും സിഎംഎഫ്‌ആര്‍ഐ ആണ് നല്‍കുന്നത്.

ഭക്ഷണമോ മറ്റു പരിചരണമോ ഇല്ലാതെ തന്നെ ആദായം സ്വന്തമാക്കാന്‍ കഴിയുന്ന ജീവിയാണ് കടല്‍മുരുവെന്ന് ഈ സ്ത്രീ സംരഭകര്‍ പറയുന്നു. വിളവെടുത്ത മുരുവിന്റെ തോടുകള്‍ ഒരു ചരടില്‍ കോര്‍ത്ത് ഓരു വെള്ളത്തില്‍ തൂക്കിയിടുക മാത്രമാണ് കൃഷിക്കാര്‍ ആകെ ചെയ്യേണ്ടത്. ഇതിനായി കായലില്‍ മുളങ്കാലുകള്‍ നാട്ടി പരസ്പരം ബന്ധിക്കുന്നു. മുളം കാലുകള്‍ക്ക് കുറുകെ ഉറപ്പിച്ചിരിക്കുന്ന മുളകളിലാണ് മുരിങ്ങത്തോടുകള്‍ കോര്‍ത്ത ചരടുകള്‍ തൂക്കിയിടുന്നത്. ഓരോ ചരടിലും 5 എണ്ണം വച്ചാണ് കോര്‍ക്കുന്നത്. 5 മീറ്റര്‍ വീതം നീളവും വീതിയുമുള്ള 2 മുരിങ്ങപ്പാടങ്ങളാണ് ഇവിടെ ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഉപ്പുരസമുള്ള കായല്‍വെള്ളത്തില്‍ വളരെ സ്വാഭാവികമായി  പ്രജനനം നടന്നുണ്ടാകുന്ന മുരിങ്ങവിത്തുകള്‍ ഈ തോടുകളില്‍ പറ്റിപ്പിടിച്ച്‌ വളരാന്‍ തുടങ്ങുന്നു. കായല്‍വെള്ളത്തിലുള്ള ആല്‍ഗ പോലുള്ള വളരെ ചെറിയ പ്ലവകങ്ങള്‍ ഭക്ഷിച്ചാണ് മുരിങ്ങ വളരുന്നത്. വളരെ സാവധാനമാണ് ഇതിന്‍റെ വിളവെടുപ്പ്. അതുകൊണ്ട് തന്നെ  ഒന്നര വര്‍ഷം കൊണ്ട് മാത്രമേ ഇത് വിളവെടുപ്പിനു പാകമാവുകയുള്ളൂ. മുളങ്കാലുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി തുടക്കത്തിലുള്ള  മുതല്‍മുടക്കു മാത്രമാണ് ആകെ ഉള്ളത്.

പിന്നീട് വിളവെടുക്കുന്നതിനായി ചരടുകള്‍ അഴിച്ചെടുത്ത് സംസ്കരണ കേന്ദ്രത്തില്‍ കൊണ്ടുവരുന്ന മുരുവിനെ ശുദ്ധീകരണത്തിനായി യുവി ട്രീറ്റഡ് ജലത്തില്‍ 24 മണിക്കൂര്‍ സൂക്ഷിക്കുന്നു. അപ്പോള്‍ ശുദ്ധ ജലം ഉള്ളിലേക്കെടുക്കുന്നു. ഇതോടെ  ഉള്ളിലുള്ള ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയും ഉള്‍പ്പടെയുള്ള സൂക്ഷ്മ ജീവികള്‍ പുറത്തേക്കു വരുന്നു. ഇതിനുതകുന്ന ഉപകരണങ്ങള്‍ സിഎംഎഫ്‌ആര്‍ഐ നല്‍കിയിട്ടുണ്ട്. 2 ദിവസത്തെ ഫില്‍റ്ററിങ് കഴിഞ്ഞതിന് ശേഷം  മുരിങ്ങയുടെ തോടുപൊട്ടിച്ചു ഉള്ളിലുള്ള മാംസം പുറത്തെടുക്കുന്നു. മുരിങ്ങ മാംസം ഒരു കിലോയ്ക്ക് 800 രൂപയാണ് വില.

Leave a Comment