ക്ലാസ് റൂമിനുള്ളില്‍ വച്ച് വിദ്യാർത്ഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സ്കൂൾ അധ്യാപികയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

by Reporter

ക്ലാസ് മുറിക്കുള്ളില്‍ വച്ച് വിദ്യാർത്ഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സ്കൂൾ അധ്യാപികയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്ന വീഡിയോ വൈറൽ ആയതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഉത്തർപ്രദേശിലെ ഹർദോയില്‍ ഉള്ള   പൊക്കാരി സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ അസിസ്റ്റൻറ് ടീച്ചറായ ഊര്‍മിള സിംഗിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

ക്ലാസ് മുറിക്കുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിയെ കൊണ്ട് അധ്യാപിക തന്റെ കൈ മസാജ് ചെയ്യിപ്പിക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതിനിടെ അധ്യാപിക മറ്റ് കുട്ടികളെ ശകാരിക്കുന്നതും കാണാം. അധ്യാപിക കസേരയിൽ ഇരിക്കുമ്പോൾ ഒരു വിദ്യാർത്ഥി വശം ചേർന്ന് നിന്ന് മസാജ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.  അതേസമയം മറ്റു കുട്ടികളെല്ലാവരും തന്നെ ക്ലാസ് മുറിയിൽ ഉണ്ട്.



സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് ഈ വീഡിയോ ലഭിച്ചതെന്ന് ബേസിക് എഡ്യൂക്കേഷൻ ഓഫീസർ ബിപി സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യ കാഴ്ചയിൽ തന്നെ അധ്യാപികയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്,  അതുകൊണ്ടുതന്നെ അവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്നും,  ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  


ഈ വീഡിയോ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് അധ്യാപികയുടെ ഈ നടപടിക്കെതിരെ രംഗത്തുവന്നത്.  ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ നിന്ന് തന്നെ അധ്യാപികയോടുള്ള പൊതു ജനങ്ങളുടെ അമര്‍ഷം വ്യക്തമാണ്.  ഇത്തരത്തിലുള്ള അധ്യാപകരെ എന്തിനാണ് സർക്കാർ സ്കൂളുകളിൽ ജോലി കിടക്കുന്നത്, ഇത് അധ്യാപനത്തിന്റെ മഹത്വത്തിന് തന്നെ കളങ്കം ചാര്‍ത്തുന്നതാണ്. എത്രയും വേഗം ഇവരെ സര്‍വീസില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Leave a Comment