ചീര്‍പ്പും ടര്‍ക്കിയും എടുത്തപ്പോള്‍ അറപ്പോടെ വലിച്ചെറിഞ്ഞു; കഴിക്കാന്‍ പ്രത്യേക ഗ്ലാസും പ്ലേറ്റും നല്കി; കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിച്ചില്ല; ദളിത ആയതിന്‍റെ പേരില്‍ ഭര്‍തൃവീട്ടില്‍ സംഗീത നേരിട്ടതു കൊടിയ പീഡനം

by Reporter

ദളിത് യുവതി ആയ സംഗീത ഭര്‍തൃവീട്ടില്‍ വച്ച് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതരമായ  ആരോപണവുമായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്.

സംഗീതയുടെ  ആത്മഹത്യക്കു പിന്നില്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആണെന്നാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. സംഗീതയെ ജാതിയുടെ പേരില്‍ ഭര്‍ത്താവും സുമേഷും വീട്ടുകാരും മാനസ്സികമായി വേദനിപ്പിച്ചിരുന്നെന്ന് സംഗീതയുടെ കുടുംബം ആരോപിക്കുന്നു. സംഗീതയുടെയും സുമേഷിന്റേതും പ്രണയവിവാഹമായിരുന്നു. നീണ്ട പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുന്നതിന് മുന്പ് തന്നെ സ്ത്രീധനത്തെ ചൊല്ലിയുള്ള  പീഡനം ആംഭിച്ചു. ശാരീരിക ഉപദ്രവത്തിന് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. സ്ത്രീധനം തന്നില്ലങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

ജാതിയുടെയും സ്ത്രീധനത്തിന്റയും പേരില്‍ കടുത്ത പീഡനങ്ങളാണ് സംഗീതക്ക് സുമേഷിന്റെ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നതെന്നാണ് സംഗീതയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. കല്യാണം കഴിഞ്ഞെത്തിയ ദിവസം വസ്ത്രം മാറുന്നതിന് സംഗീത ചേട്ടത്തിയമ്മയുടെ മുറിയില്‍ കയറിയെങ്കിലും ആദ്യം അതിന് അനുവദിച്ചില്ല, പിന്നീട് അവിടെ കൂടിയിരുന്നവര്‍ പറഞ്ഞപ്പോഴാണ് അതിനുള്ള അനുവാദം നല്‍കിയത്. ആ മുറിയില്‍ നിന്ന് ചീര്‍പ്പും ടര്‍ക്കിയും എടുത്തതിന് അറപ്പോടെ പെരുമാറിയെന്നും സംഗീത ഉപയോഗിച്ച വസ്തുക്കള്‍ വേണ്ടെന്ന് പറഞ്ഞ്  വലിച്ചെറിയുകയും ചെയ്തു

സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും സുമേഷും കുടുംബവും അപമാനിച്ചു. സ്ത്രീധനം ഇല്ലന്ന പേരില്‍ കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിച്ചില്ല. സംഗീതയ്ക്ക് കഴിക്കാന്‍ പ്രത്യേക ഗ്ലാസും പ്ലേറ്റും നല്കി. ഗര്‍ഭിണിയായപ്പോഴും പ്രസവത്തില്‍ കുട്ടി മരിച്ചപ്പോഴും നേരിട്ടത് കൊടിയ പീടനങ്ങളാണ്. കുട്ടിയുടെ മൃതദേഹം പോലും  വീട്ടിലേക്ക് കയറ്റാന്‍ അനുവദിച്ചില്ല. കുടുംബത്തില്‍ ആദ്യമായി ഉണ്ടാകുന്ന കുട്ടി താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീയില്‍ നിന്നായല്ലോ എന്നായിരുന്നു ഭര്‍ത്താവിന്റെ അമ്മ പറഞ്ഞതെന്ന് സംഗീതയുടെ കുടുംബം പറയുന്നു.

Leave a Comment